ചില്ലറ നല്‍കാമെന്ന് പറഞ്ഞ് വയോധികയുടെ രണ്ടായിരം രൂപയുമായി യുവാവ് മുങ്ങി
വണ്ടൂര്‍: ചില്ലറയാക്കി നല്‍കാമെന്ന വ്യാജേനെ വയോധികക്ക് ബാങ്കില്‍ നിന്ന് ലഭിച്ച രണ്ടായിരത്തിന്റെ നോട്ടുവാങ്ങി യുവാവ് മുങ്ങി. ഇതോടെ വിഷമത്തിലായ വയോധികക്ക് നാട്ടുകാര്‍ സമാശ്വാസമായി പിരിച്ചുനല്‍കിയത് 2400 രൂപ. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നോടെയാണ് വാളോറിങ്ങളിലുള്ള വയോധിക പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തൊഴിലുറപ്പു പദ്ധതിയിലൂടെ ലഭിച്ച രണ്ടായിരം രൂപ പിന്‍വലിച്ചത്.
രണ്ടായിരത്തിന്റെ ഒറ്റ നോട്ടായതിനാല്‍ ചില്ലറക്കായി ഏറെ അലഞ്ഞെങ്കിലും ലഭിച്ചില്ല. ഇതിനിടെയാണ് ചില്ലറ നല്‍കാമെന്ന പറഞ്ഞ് ഒരു യുവാവെത്തി ഇവരില്‍ നിന്നു നോട്ടു വാങ്ങി പോയത്. സമയമേറെ കഴിഞ്ഞിട്ടും യുവാവ് മടങ്ങിയെത്തായതോടെയാണ് തട്ടിപ്പ് വിവരം അറിയുന്നത്. പണം നഷ്ടപെട്ടുവെന്ന് മനസിലായതോടെ കരച്ചിലായ അമ്മയുടെ സങ്കടം കണ്ട് കച്ചവടക്കാര്‍ ഇടപെടുകയായിരുന്നു. സമീപത്തെ പള്ളിയില്‍ നിന്നു ജുമുഅ കഴിഞ്ഞിറങ്ങിയവര്‍ കൂടിയെത്തിയതോടെ നിമിഷനേരം കൊണ്ട് പിരിച്ചെടുത്തത് രണ്ടായിരത്തി നാനൂറു രൂപ. പണം മോഷ്ടിച്ചവനെ കണ്ടെത്താനായി നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ കടകളില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇയാളെ പിടികൂടുമെന്ന് എസ്.ഐ പി ചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."