കൃഷിയിടത്തിലെ ഉപ്പുവെള്ളം: എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ഘരാവൊ ചെയ്തു
മണലൂര്‍: 20,000 ഹെക്ടര്‍ കോള്‍ നിലങ്ങളില്‍ ഉപ്പ് വെളളം കയറാതിരിക്കാന്‍ ഏനാമാക്കല്‍ ഫേസ് കനാലില്‍ വളയം കെട്ട് നിര്‍മിക്കണമെന്നാവശ്യപെട്ട് മണലൂര്‍ കോള്‍ മേഖലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തൃശൂര്‍ ചെമ്പൂക്കാവിലെ മേജര്‍ ഇറിഗേഷന്‍ ഓഫിസിലെ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എം.ഹെലനെ ഘരാവൊ ചെയ്തു.
ഇന്നലെ രാവിലെ 10 മുതല്‍ ആരംഭിച്ച ഘരാവൊ വിവരം അറിഞ്ഞ് മണലുര്‍ മേഖലയിലെ വരള്‍ച്ചാ സ്‌പെഷ്യല്‍ ഓഫിസര്‍ കൂടിയായ ഡെപ്യൂട്ടി കലക്ടര്‍ പി.വി മോന്‍സി സ്ഥലത്തെത്തിയെങ്കിലും ജനപ്രതിനിധികള്‍ വഴങ്ങിയില്ല. ഇടിയഞ്ചിറയിലെ പുളി പാണ്ടി പാടശേഖരം പാടൂരിലെ തണ്ണീര്‍കായല്‍ പാടശേഖരം എന്നിവിടങ്ങളില്‍ ഇതിനകം ഉപ്പ് വെള്ളം കയറി കൃഷി നശിച്ചു കഴിഞ്ഞു. സമാന സാഹചര്യം മുല്ലശ്ശേരി, അന്തിക്കാട് ബ്ലോക്ക് മേഖലയിലെ പതിനായിരകണക്കിന് ഹെക്ടര്‍ നെല്‍കൃഷിക്ക് സംഭവിക്കാതിരിക്കാന്‍ അടിയന്തിര നടപടിക്ക് ഉത്തരവിറങ്ങാതെ പോകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ജനപ്രതിനിധികള്‍. തുടര്‍ന്ന് നടന്ന മാരത്തോണ്‍ ചര്‍ചയില്‍ ഡിസംബര്‍ ആറിന് വളയം കെട്ടിന്റെ നിര്‍മാണം തുടങ്ങാനും 25 ന് ഉള്ളില്‍ പൂരത്തീകരിക്കാനും തീരുമാനമായി.
പഴയ കരാറുകാരനെ മാറ്റി പുതിയ കരാറുകാരനെ ചുമതലപെടുത്തുകയും ചെയ്തു. ആഴ്ചകളായി നിരന്തരം ചര്‍ചകളും സമരങ്ങളും നടന്നിട്ടും പരിഹാരമാകാതിരുന്നതാണ് വളയം കെട്ട് പ്രശ്‌നം ഘെരാവൊയില്‍ എത്തിച്ചത്.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, അരിമ്പൂര്‍, വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത മോഹന്‍ദാസ്, രതി.എം.ശങ്കര്‍, എ.കെ ഹുസൈന്‍, ടി.സി മോഹനന്‍, ജില്ലാ വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.കെ രവീന്ദ്രന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ദിവസം നീണ്ട ഘരാവൊയില്‍ പങ്കെടുത്തു.
തൃശൂരിന്റെ നെല്ലറയും, കുടിവെള്ളവും സംരക്ഷിക്കണമെന്ന ആവശ്യം മുദ്രാവാക്യത്തിലൂടെ ഉന്നയിച്ചാണ് സമരം നടത്തിയത്. ഇതേ സമയം മേഖലയിലെ 40 ഓളം കോള്‍പടവ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ കലക്ടറുടെ ചേമ്പറില്‍ സമാന സമര രീതി അരങ്ങേറി. ഇതിനെ തുടര്‍ന്ന് പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ കലക്ടര്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."