സംസ്ഥാന സ്‌കൂള്‍ കായിക മേള: പൊന്നണിയുമോ കണ്ണൂര്‍
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേള എന്നതിനു പകരമായി സംസ്ഥാന സ്‌കൂള്‍ കായികോത്സവം എന്ന പേരിലേക്കു മാറ്റിയ ആദ്യ കായിക മാമാങ്കത്തിനു ഇന്നു കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ തുടക്കമാവുമ്പോള്‍ കണ്ണൂരും പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷം ലഭിക്കാത്ത സ്വര്‍ണം ഇക്കുറിയെങ്കിലും കരസ്ഥമാക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 99 ആണ്‍കുട്ടികളും 91 പെണ്‍കുട്ടികളും ഒന്‍പതു അധ്യാപകരും അടങ്ങുന്നതാണ് കണ്ണൂര്‍ ജില്ലാ ടീം.
ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എകസ്പ്രസില്‍ ടീം പുറപ്പെട്ടു.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തലശ്ശേരി താരങ്ങളും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ താരങ്ങളും ജില്ലയ്ക്കായി കളത്തിലിറങ്ങുമ്പോള്‍ പുതുതായി ആരംഭിച്ച എളയാവൂര്‍ സി.എച്ച്.എം അക്കാദമി, പൈസക്കരി അക്കാദമി താരങ്ങളും മെഡല്‍ പ്രതീക്ഷ പങ്കിട്ടു. 2015ല്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും മാത്രവുമാണ് ജില്ലയ്ക്കു ലഭിച്ചത്.
സ്‌പോര്‍ട്‌സ് ഡിവിഷന്‍ താരമായ വി.വി അര്‍ഷാനയും സി.എച്ച്.എം എളയാവൂരിന്റെ എ.എം മുഹമ്മദ് അഫ്ഷാനും മെഡല്‍ പ്രതീക്ഷയുള്ള ജില്ലയുടെ താരങ്ങളാണ്. സീനിയര്‍ ഗേള്‍സ് ഷോട്പുട്ടിലും ഹാമര്‍ ത്രോയിലും അര്‍ഷാന ജില്ലാതല റെക്കോര്‍ഡോടെയാണ് സംസ്ഥാനത്തെത്തുന്നത്.
ജൂനിയര്‍ ബോയ്‌സ് അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ 24.17 സെക്കന്‍ഡ് സമയം കുറിച്ച് അഫ്ഷാനും ജില്ലാതല റെക്കോര്‍ഡ് നേടിയിരുന്നു. ഈ വര്‍ഷം കൊയമ്പത്തൂരില്‍ നടന്ന ഓള്‍ ഇന്ത്യ ജൂനിയര്‍ ചാംപ്യഷിപ്പില്‍ 23.03 സെക്കന്‍ഡ് സമയം കുറിച്ച് വെങ്കല മെഡലും കരസ്ഥമാക്കിയിട്ടുണ്ട് അഫ്ഷാന്‍.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോങ് ജംപില്‍ സായി തലശ്ശേരിയുടെ ആഷ്‌ന ഷാജി, സബ്ജൂനിയര്‍ ഗേള്‍സ് ഹൈജംപില്‍ സെന്റ് മേരീസ് എച്ച്.എസ്.എസ് എടൂരിലെ അലീന തോമസ്, സബ് ജൂനിയര്‍ ബോയ്‌സ് ഡിസ്‌കസ്‌ത്രോയില്‍ മമ്പറം യു.പി.എസിലെ ആര്‍ രാജു, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ ഗ്രേസ് മേരി സന്തോഷ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സായ് തലശേരിയിലെ ദില്‍ന ഫിലിപ്പ്, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാര്‍മര്‍ ത്രോയില്‍ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂരിന്റെ എന്‍ പ്രണവ്, പോള്‍വാട്ട് സീനിയര്‍ പെണ്‍കുട്ടികളില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ പി.കെ സോണിയ, ജൂനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മാടായി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി അനഖ എന്നിവരും മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."