രഞ്ജി: കേരളത്തിനു ഏഴു വിക്കറ്റ് വിജയം
കട്ടക്ക്: രഞ്ജി ട്രോഫിയില്‍ കേരളത്തിനു സീസണിലെ ആദ്യ വിജയം. ത്രിപുരയ്‌ക്കെതിരേ ഏഴു വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ത്രിപുര ഉയര്‍ത്തിയ 183 റണ്‍സ് ലക്ഷ്യം കേരളം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. കേരളത്തിനായി പൊരുതിയ ഓപണര്‍ മുഹമ്മദ് അസ്ഹറുദ്ദീനു ഒരു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായി. ജയത്തോടെ ഗ്രൂപ്പ് സിയില്‍ കേരളം നാലാം സ്ഥാനത്തേക്ക് കയറി.
സ്‌കോര്‍: കേരളം- 193, മൂന്നിനു 183. ത്രിപുര- 213, 162.
10 വിക്കറ്റുകള്‍ കൈയിലിരിക്കേ വിജയിക്കാന്‍ 66 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങിനിറങ്ങിയ കേരളം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മുഹമ്മദ് അസ്ഹറുദ്ദീന്‍ (99), ഭവിന്‍ ജെ തക്കര്‍ (47), ജലജ് സക്‌സേന (അഞ്ച്) എന്നിവരാണ് പുറത്തായത്. സല്‍മാന്‍ നിസാര്‍ (15), സച്ചിന്‍ ബേബി (ഒന്‍പത്) എന്നിവര്‍ ചേര്‍ന്നു കൂടുതല്‍ നഷ്ടമില്ലാതെ കേരളത്തെ വിജയ തീരത്തെത്തിച്ചു.
കേരളത്തിനെതിരേ ആന്ധ്ര പൊരുതുന്നു
ഷിമോഗ: ആന്ധ്രപ്രദേശിനെതിരായ വിജയ് മര്‍ച്ചന്റ് ട്രോഫി അണ്ടര്‍ 16 ക്രിക്കറ്റില്‍ കേരളം ആദ്യ ഇന്നിങ്‌സില്‍ 201 റണ്‍സിനു പുറത്ത്. ആദ്യം ബാറ്റു ചെയ്ത ആന്ധ്രയുടെ ഒന്നാം ഇന്നിങ്‌സ് 152 റണ്‍സില്‍ അവസാനിപ്പിച്ച കേരളത്തിനു 49 റണ്‍സ് ലീഡ്. രണ്ടാമിന്നിങ്‌സ് തുടങ്ങിയ ആന്ധ്ര രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയില്‍. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കേ അവര്‍ 102 റണ്‍സ് ലീഡുമായി പൊരുതുന്നു. 44 റണ്‍സുമായി ബ്രഹ്മതേജയും 46 റണ്‍സുമായി പി സുബ്രഹ്മണ്യവും ക്രീസില്‍. 35 റണ്‍സെടുത്ത ഹര്‍ഷവര്‍ധന്‍, 17 റണ്‍സെടുത്ത അപരന്‍ജി നക് എന്നിവരാണു പുറത്തായത്.
ടോസ് നേടി ആന്ധ്രയെ ബാറ്റിങിനയച്ച കേരളത്തിനായി അഭിജിത് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിങില്‍ കേരളത്തിനായി അനന്തകൃഷ്ണന്‍ 41 റണ്‍സെടുത്തു. വാലറ്റത്ത് ആദിത്യ കൃഷ്ണ 34 റണ്‍സുമായി പൊരുതി. നിഖില്‍ ജോസ്, കിരണ്‍ സാഗര്‍ എന്നിവര്‍ 28 റണ്‍സ് വീതം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."