വായു മലിനീകരണ പരിശോധനാ സംവിധാനം കോഴിക്കോട്ടും
കോഴിക്കോട്: കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വായു മലിനീകരണ പരിശോധനാ സംവിധാനം (ആര്‍ട്ട് എയര്‍ പൊലൂഷന്‍ ചെക്കിങ് സിസ്റ്റം) കോഴിക്കോട്ടും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷിച്ചു വിജയം കണ്ടതിനു ശേഷമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോഴിക്കോട്ടും പരിശോധനാ യന്ത്രം സ്ഥാപിച്ചത്. പാളയം പഴയ ബസ് സ്റ്റാന്‍ഡിലെ പ്രവേശന കവാടത്തിന് മുകളിലാണ് യന്ത്രം സ്ഥാപിച്ചത്. 24 മണിക്കൂറും വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്ന തരത്തിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. പ്രവര്‍ത്തന സജ്ജമായ യന്ത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നാലുടന്‍ യന്ത്രം പ്രവര്‍ത്തനമാരംഭിക്കുമെന്ന് എന്‍വിറോണ്‍മെന്റല്‍ എന്‍ജിനിയര്‍ മൃദുല സുപ്രഭാതത്തോടു പറഞ്ഞു.
ഒരു കോടിയോളം രൂപ വില വരുന്നതാണ് പുക പരിശോധനാ സംവിധാനം. ഓസോണ്‍, നൈട്രജന്‍ ഡയോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, നോണ്‍ മീഥെയിന്‍ ഹൈഡ്രോകാര്‍ബണ്‍സ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തുടങ്ങി ഒന്‍പതോളം സംയുക്തങ്ങളുടെ അളവും ഗുണനിലവാരവും യന്ത്രത്തിലൂടെ കണ്ടെത്താന്‍ കഴിയും. കൂടാതെ മഴക്കാറ്, ഊഷ്മാവ്, മര്‍ദം, കാറ്റിന്റെ ദിശ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിലൂടെ നിര്‍ണയിക്കാന്‍ സാധിക്കും.
പൊതുജനങ്ങള്‍ക്കുകൂടി കാണാന്‍ സാധിക്കുന്ന തരത്തിലുള്ള വലിയ സ്‌ക്രീനാണ് പുക പരിശോധനാ സംവിധാനത്തിന്റെ പ്രത്യേകത. വായു മലിനീകരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും ഈ സ്‌ക്രീനിലൂടെ പൊതുജനങ്ങളിലെത്തിക്കാന്‍ കഴിയും. വായു മലിനീകരണം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റീജ്യനല്‍ ഓഫിസാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ സ്ഥാപിക്കാനിരുന്നതായിരുന്നു. എന്നാല്‍ ചില സാങ്കേതിക തടസങ്ങള്‍ കാരണം നീളുകയായിരുന്നു. യന്ത്രത്തിന്റെ നിയന്ത്രണത്തിനും മറ്റുമായി മുഴുവന്‍ സമയ സൂപ്പര്‍വൈസറേയും നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."