ദുരിതം തുടരുന്നു; ശമ്പളവും െപന്‍ഷനും ലഭിക്കാതെ ആയിരങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം ട്രഷറികളിലും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. നിത്യചെലവിനും മരുന്നിനുമുള്ള പണം ലഭിക്കാത്തതിനാല്‍ വയോധികരായ പെന്‍ഷന്‍കാരുടെ ദുരിതം ഇരട്ടിയായി. ഇന്നലെ പ്രധാന ട്രഷറികളില്‍ പണമെത്തിയെങ്കിലും ഗ്രാമീണമേഖലയില്‍ സ്ഥിതി മറിച്ചായിരുന്നു. ഇന്നലെ വിഹിതമായി സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക 85.74 കോടിരൂപയായിരുന്നെങ്കിലും 66.19 കോടിരൂപ മാത്രമെ ലഭിച്ചുള്ളൂ. ശനിയാഴ്ചയായതിനാല്‍ മുന്‍ ദിവസങ്ങളേക്കാള്‍ തിരക്കു കുറവായിരുന്നു. സംസ്ഥാനത്ത് നാലര ലക്ഷം പേരാണു പെന്‍ഷന്‍ വാങ്ങുന്നത്.
ഇതില്‍ 96000 പേര്‍ വെള്ളിയാഴ്ച വരെ പെന്‍ഷന്‍ തുക കൈപ്പറ്റി. ഇനി മൂന്നു ലക്ഷത്തോളം പേര്‍ക്കു പെന്‍ഷന്‍ ലഭിക്കാനുണ്ട്. ശമ്പള-പെന്‍ഷന്‍ വിതരണം മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണം റിസര്‍വ് ബാങ്ക് പൂര്‍ണമായും നല്‍കിയില്ല. ഇതാണു പ്രതിസന്ധി രൂക്ഷമാക്കിയതെങ്കിലും അവസാനിമിഷം വരെ കാത്തിരുന്ന സംസ്ഥാന സര്‍ക്കാരിനേയും ജനം പഴിക്കുന്നു.
നോട്ട് പ്രതിസന്ധിയെ തുടര്‍ന്നു ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും വിതരണം ചെയ്യേണ്ടതു മുന്‍കൂട്ടിക്കണ്ടു മറ്റു ഭൂരിപക്ഷ സംസ്ഥാനങ്ങളിലേയും ധനമന്ത്രിമാര്‍ യഥാസമയം നടപടി സ്വീകരിച്ചിരുന്നു. അതിനായി നവംബര്‍ 15നു മുന്‍പേ പ്രവര്‍ത്തനവും തുടങ്ങി. തങ്ങള്‍ക്ക് ആവശ്യമായ തുക എത്രയെന്നു രേഖാമൂലം ആര്‍.ബി.ഐയെ അറിയിച്ചു. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ ചെയ്യാനുള്ള നടപടിയും ആരംഭിച്ചു. എന്നാല്‍ കേരള സര്‍ക്കാരാകട്ടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചതു ശമ്പളദിവസത്തിനു ഒരുദിവസം മുന്‍പു മാത്രം. ശമ്പളവിതരണത്തിന് ആവശ്യമായ 2300 കോടി രൂപ എത്രയും വേഗം എത്തിക്കണമെന്ന് ധനമന്ത്രി നവംബര്‍ 29നാണ് ആര്‍.ബി.ഐ ഉദ്യോഗസ്ഥരോട് ആശ്യപ്പെട്ടത്. മാസത്തിലെ ആദ്യദിവസത്തില്‍തന്നെ ഇത്രയും വലിയ തുക പിന്‍വലിക്കുന്ന ചരിത്രം ഇല്ലത്തതിനാല്‍ ആദ്യ മൂന്നു ദിവസം പിന്‍വലിക്കാവുന്ന ഏറ്റവും വലിയ തുകയായ 700 കോടി രൂപ എത്തിക്കാമെന്ന് ആര്‍.ബി.ഐ ഉറപ്പുനല്‍കി. എന്നാല്‍ ഈ തുക മൂന്നുദിവസത്തിനുള്ളില്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞില്ല. സംസ്ഥാനം 167 കോടി രൂപയാണ് ആദ്യദിനം ആവശ്യപ്പെട്ടത്. എന്നാല്‍ 117 കോടി രൂപ മാത്രമാണ് ആര്‍.ബി.ഐ നല്‍കിയത്. രണ്ടാംദിവസം 140 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 99 കോടി രൂപ മാത്രം.
അതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ ആവശ്യപ്പെട്ട തുകയുടെ മുക്കാല്‍ഭാഗം നോട്ടുകളെത്തിച്ച റിസര്‍വ് ബാങ്ക് മറ്റു ജില്ലകളെ പൂര്‍ണമായും തഴയുകയായിരുന്നു. എസ്.ബി.ഐ, എസ്.ബി.ടി, കാനറ തുടങ്ങിയ ബാങ്കുകള്‍ മുഖേനയാണു ട്രഷറികള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്നു നോട്ട് ലഭിക്കുന്നത്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി വഴി ശമ്പളം വാങ്ങുന്നവര്‍ക്കു പുറമെ ബാങ്കുകള്‍ വഴി ശമ്പളം വാങ്ങുന്നവര്‍ക്കും തുക പിന്‍വലിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."