ചൈനയെ ചൊടിപ്പിച്ച് ട്രംപ് തായ്‌വാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി
വാഷിങ്ടണ്‍: ട്രംപ് തായ്‌വാന്‍ പ്രസിഡന്റ് സാങ് ഇങ് വെന്നുമായി ടെലിഫോണില്‍ സംസാരിച്ചതിനെതിരേ ചൈന രംഗത്ത്. യു.എസിന്റെ നടപടിക്കെതിരേ കടുത്ത വിമര്‍ശവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. 1979 മുതല്‍ തായ്‌വാന്‍ വിഷയത്തില്‍ യു.എസ് സ്വീകരിക്കുന്ന നയത്തിനു വിരുദ്ധമായ നടപടിയാണിതെന്ന് ചൈന പറഞ്ഞു. തായ്‌വാനുമായി അമേരിക്ക സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളില്‍ സഹകരിക്കുമെന്നാണ് സൂചന.
പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റോ ഉന്നത ഭരണാധികാരിയോ തായ്‌വാനുമായി ഔദ്യോഗികമായി ചര്‍ച്ച നടത്തുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നത്. ചൈനയുമായി ഉണ്ടാക്കിയ നയതന്ത്ര പ്രോട്ടോകോളിന് വിരുദ്ധമായാണ് ട്രംപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, ഈയിടെ തെരഞ്ഞെടുക്കപ്പെട്ട തായ്‌വാന്‍ പ്രസിഡന്റിനെ അഭിനന്ദിക്കാനാണ് ഫോണ്‍ വിളിച്ചതെന്നാണ് ട്രംപിന്റെ വിശദീകരണം. ദ്വീപായ തായ്‌വാന്‍ സ്വയംഭരണമുള്ള റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ തായ്‌വാനെ ഇപ്പോഴും പലരും രാജ്യമായി അംഗീകരിച്ചിട്ടില്ല. ചൈനയാണെങ്കില്‍ തങ്ങളുടെ അധീനതയിലുള്ള വിഘടിത പ്രദേശമായാണ് തായ്‌വാനെ കാണുന്നത്. ചൈനയുടെ ഈ നിലപാടിനെ തുടര്‍ന്ന് 1979ല്‍ നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക തായ്‌വാന്‍ വിഷയത്തില്‍ പ്രത്യേക നയം രൂപീകരിച്ചിരുന്നു. തുടര്‍ന്ന് തായ്‌വാനുമായി യു.എസ് അകലം പാലിച്ചിരുന്നു. തായ്‌വാനില്‍ പുതിയ പ്രസിഡന്റ് അധികാരമേറ്റതോടെ ചൈനയും തായ്‌വാനും തമ്മില്‍ പോര് രൂക്ഷമായിട്ടുണ്ട്. ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന ഗ്രൂപ്പിന്റെ നേതാവാണ് സായ് ഇങ് വെന്‍. ഈ സാഹചര്യത്തിലാണ് ട്രംപും സായിയും തമ്മില്‍ നടത്തിയ ചര്‍ച്ച ചൈനയെ ചൊടിപ്പിക്കുന്നത്. 37 വര്‍ഷത്തിനു ശേഷം ഐക്യചൈനയെന്ന ചൈനയുടെ നിലപാടിന് വിരുദ്ധമായാണ് തായ്‌വാന്‍ ഈ വര്‍ഷം ആദ്യം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. യു.എസ് നിയുക്ത പ്രസിഡന്റിന്റെ ഫോണ്‍ സംഭാഷണം വൈറ്റ്ഹൗസ് അറിഞ്ഞിട്ടില്ല.
ട്രംപ് ട്വിറ്ററിലും തായ്‌വാന്‍ പ്രസിഡന്റിന്റെ ഓഫിസ് പ്രസ്താവനയിലൂടെയുമാണ് ഈ വിവരം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."