പട്ടിക്കാട് ജി.എല്‍.പി സ്കൂളില്‍ വിദ്യാര്‍ഥികളും പിന്നെ ബി.ആര്.സിയും!
പട്ടിക്കാട്: കെട്ടിടങ്ങളുടെ അപര്യാപ്തത കാരണം പട്ടിക്കാട് ജി.എല്‍.പി സ്കൂളില്‍ വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടുന്നു. സ്കൂളിന്റെ രണ്ടു ക്ലാസ്മുറികളും ഹാളിന്റെ ഒരു ഭാഗവും പെരിന്തല്‍മണ്ണ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ (ബി.ആര്.സി) പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റെടുത്തതാണ് പ്രശ്നം.
ഓരോ ക്ലാസിലും ഓരോ ഡിവിഷന് മാത്രം ഉണ്ടായിരുന്ന 2007ലാണ് പട്ടിക്കാട് ജി.എല്‍.പി സ്കൂളിലെ ഒഴിഞ്ഞ ക്ലാസ്മുറികളിലും ഹാളിലുമായി ബി.ആര്.സി പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ബി.ആര്സിയ്ക്കുവേണ്ടി ചേരിപ്പറമ്പില്‍ ലക്ഷക്കണക്കിനു രൂപ മുടക്കി ബഹുനില കെട്ടിടം നിര്‍മിച്ചുവെങ്കിലും പ്രവര്‍ത്തനം അങ്ങോട്ടുമാറ്റാന് അധികൃതര്‍ തയാറായില്ല. നിലവില്‍ പട്ടിക്കാട് ജി.എല്‍.പി സ്കൂളില്‍ നാലു ക്ലാസുകളിലും രണ്ടുവീതം ഡിവിഷനുകള്‍ക്കുള്ള വിദ്യാര്‍ഥികളും 27 അധ്യാപകരുമുണ്ട്.
ഇതിനു പുറമേ എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മൊത്തം 235 വിദ്യാര്‍ഥികളും പ്രധാനാധ്യാപിക ഉള്‍പ്പെടെ ഒന്‍പത് അധ്യാപകരും ഓഫിസ് അസിസ്റ്റന്റ്, ആയ എന്നിവരുമുണ്ട്. എന്നാല്‍, ആവശ്യമായ ക്ലാസ്മുറികള് ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളെ ഒരേ ക്ലാസ്മുറികളില്‍ ഒരുമിച്ചിരുത്തിയാണ് ഇപ്പോള്‍ പഠനം നടക്കുന്നത്.
ബി.ആര്.സിയ്ക്കു നല്കിയ സ്ഥലം ഒഴിപ്പിക്കണമെന്നു സ്കൂള്‍ പി.ടി.എ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് അഷ്റഫിന്റെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുസംബന്ധിച്ചു പരാതി നല്കി. അനുകൂല നീക്കമുണ്ടാകാത്തപക്ഷം സമരം സംഘടിപ്പിക്കുമെന്നും പി.ടി.എ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."