പീഡനക്കേസടക്കം നിരവധി കേസുകളില്‍പ്പെട്ട പിടികിട്ടാപ്പുള്ളി പൊലിസ് വലയില്‍
കാക്കനാട്: പീഡനക്കേസടക്കം നിരവധി കേസുകളിലെ പ്രധാന പ്രതി മഞ്ഞുമ്മല്‍ സ്വദേശി വിവേക് (28) പൊലിസ് വലയിലായി.
കാക്കനാട് സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡില്‍ ഓണാംപാര്‍ക്കിന് സമീപം പൊലിസിനെ കണ്ട് ഭയന്ന് ഓടിയ പ്രതി സമീപത്തെ വീടിന്റെ കിണറ്റില്‍ ചാടാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കിണറിന്റെ അരഭിത്തിയില്‍ കയറി ഇരിപ്പുറപ്പിച്ചു.
പ്രതി ബക്കറ്റിലെ കയര്‍ അഴിച്ച് കഴുത്തില്‍ കെട്ടി കിണറില്‍ ചാടുമെന്ന് പറഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പൊലിസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്തിയത്.കൊലപാതക ശ്രമക്കേസില്‍ വരാപ്പുഴ പൊലിസ് സ്റ്റേഷനില്‍ രണ്ടാം പ്രതിയായ വിവേക് ജാമ്യം എടുക്കാതെ മുങ്ങിനടക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കല്‍ തുടങ്ങി കേസില്‍ നോര്‍ത്ത് പറവൂര്‍ പൊലിസ് സ്‌റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ് വിവേക്. ഏഴ് അംഗ ഗുണ്ടാസംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പൊലിസ് പറഞ്ഞു.
പെണ്‍കുട്ടികളെ വശീകരിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടലാണ് പ്രതിയുടെ പ്രധാന പരിപാടി.
തൃക്കാക്കര എസ്.ഐ എ.എന്‍ ഷാജുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പറവൂര്‍ പൊലിസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."