കെട്ടിവെച്ച കാശു പോയത് 112 സ്ഥാനാര്‍ഥികള്‍ക്ക്
പണം തിരിച്ചു ലഭിക്കാന്‍ വേണ്ടത് പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന്
എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി സ്ഥാനാര്‍ഥികള്‍ക്കെല്ലാം കാശു പോയി
മലപ്പുറം: നിയമസഭാ തെരഞ്ഞടുപ്പില്‍ ജില്ലയില്‍ നിന്നും മത്സരിച്ച 112 സ്ഥാനാര്‍ഥികള്‍ക്കു കെട്ടിവെച്ച പണം നഷ്ടമായി. ആകെ പോള്‍ചെയ്തതിന്റെ ആറിലൊന്ന് വോട്ടു ലഭിച്ചാലേ കെട്ടിവെച്ച പണം തിരിച്ചുകിട്ടൂ. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 145 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും വള്ളിക്കുന്നിലെ ബി.ജെ.പി സ്ഥാനാര്‍ഥിക്കും കെട്ടിവെച്ച പണം നഷ്ടമായില്ല. മറ്റു സ്ഥാനാര്‍ഥികള്‍ക്കെല്ലാം പണം നഷ്ടമായി. ഒരു സ്ഥാനാര്‍ഥി 10,000 രൂപയാണ് കെട്ടിവെക്കേണ്ടത്.
ജില്ലയില്‍ മത്സര രംഗത്തുണ്ടായിരുന്ന എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി, പി.ഡി.പി സ്ഥാനാര്‍ഥികള്‍ക്കെല്ലാം പണം നഷ്ടമായി. 16 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച എന്‍.ഡി.എക്ക് 15 സീറ്റിലും കെട്ടിവെച്ച കാശു തിരിച്ചു കിട്ടാനുള്ള വോട്ടുലഭിച്ചില്ല. വള്ളിക്കുന്നില്‍ മാത്രമാണ് ആറിലൊന്ന് വോട്ട് നേടാനായത്. ഇവിടെ മത്സരിച്ച ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് 22887 വോട്ട് ലഭിച്ചു. ആകെ 136798 വോട്ടാണ് വള്ളിക്കുന്നില്‍ പോള്‍ ചെയ്തത്.
വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് മത്സരിച്ച മങ്കടയില്‍ പാര്‍ട്ടിക്ക് ലഭിച്ചത് 3999 വോട്ട് മാത്രമാണ്. എസ്.ഡി.പി.ഐയുടെ മുന്‍നിര നേതാവ് ജനവിധി തേടിയ കൊണ്ടോട്ടിയില്‍ ലഭിച്ചത് 3667 വോട്ടുകളാണ്.
സമാജ്‌വാദിപാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ എസ്.ഡി.പി.ഐ ജില്ലയിലെ 16 മണ്ഡലങ്ങളിലും മത്സരിച്ചിരുന്നു. ഒറ്റക്ക് മത്സരിച്ച പി.ഡി.പിക്ക് പെരിന്തല്‍മണ്ണ, മങ്കട എന്നീ മണ്ഡലങ്ങളില്‍ ലഭിച്ചത് 500ല്‍ താഴെ വോട്ടുകളാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ സംസ്ഥാനത്ത് 687 പേര്‍ക്കാണ് കെട്ടിവെച്ച പണം നഷ്ടപ്പെട്ടത്. ഇതില്‍ ജി്ല്ലയിലെ 65 പേരും ഉള്‍പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."