ക്രിസ്മസ് വിപണിയില്‍ എല്‍.ഇ.ഡി നക്ഷത്രത്തിളക്കം
പിലിക്കോട്: ക്രിസ്മസ് രാവുകളില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്നും കടലാസ് നക്ഷത്രങ്ങള്‍ മറയുന്നു. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ വൈവിധ്യങ്ങളില്‍ എല്‍.ഇ.ഡി നക്ഷത്ര വിളക്കുകള്‍ വിപണി കീഴടക്കി തുടങ്ങിയതോടെയാണ് ഈ മാറ്റം. രണ്ടുമൂന്നു വര്‍ഷങ്ങളായി എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ വിപണിയില്‍ ഉണ്ടെങ്കിലും കടലാസ് കൊണ്ടുണ്ടാക്കിയ നക്ഷത്രങ്ങള്‍ തന്നെയായിരുന്നു കൂടുതലായും വിറ്റു പോയിരുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറയുകയാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ഡിസംബര്‍ ആദ്യവാരത്തെ കച്ചവടം വച്ച് നോക്കുമ്പോള്‍ എല്‍.ഇ.ഡി തരംഗമാണെന്നാണ് ഇവരുടെ പക്ഷം. 150 രൂപ മുതല്‍ 450 രൂപ വരെയുള്ള എല്‍.ഇ.ഡി നക്ഷത്രങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 150 നും 200 നും ഇടയില്‍ വിലയുള്ളവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. സന്ധ്യകഴിയുന്നതോടെ കച്ചവട സ്ഥാപനങ്ങളിലെല്ലാം എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ മിഴിതുറക്കും. പല വര്‍ണങ്ങളില്‍ പ്രകാശം പരത്തുന്ന നൂറ് കണക്കിന് നക്ഷത്രങ്ങളാണ് പ്രധാന ടൗണുകളിലെല്ലാം ഒരുക്കിവച്ചിരിക്കുന്നത്. ഒന്നിലധികം വര്‍ഷം ഉപയോഗിക്കാം എന്നതാണ് ഇവയ്ക്ക് പ്രിയമേറാന്‍ കാരണം. കുട്ടികളുടെ കൗതുകവും ഇത് തെരെഞ്ഞെടുക്കാന്‍ ആവശ്യക്കാരെ പ്രേരിപ്പിക്കുന്നു. മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് കടലാസ് നക്ഷത്രങ്ങള്‍ നിര്‍മിച്ചിരുന്ന പലരും ഇപ്പോള്‍ എല്‍.ഇ.ഡി നക്ഷത്ര നിര്‍മാണത്തിലേക്ക് ചുവട് മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഫ്രെയിമില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ഉറപ്പിച്ച് വച്ചാണ് ഇത്തരം നക്ഷത്രങ്ങളുടെ നിര്‍മാണം. ചൈനീസ് നക്ഷത്രങ്ങളും പ്രാദേശികമായി ഇലക്‌ട്രോണിക്‌സ് കടകളില്‍ നിര്‍മിച്ചെടുക്കുന്നവയും വിപണിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."