ശബരിമലയിലേക്ക് കോട്ടൂര്‍ ആദിവാസി ഊരുകളില്‍നിന്ന് 101 പേര്‍
കാട്ടാക്കട: അയ്യപ്പനെ കാണാന്‍ കോട്ടൂര്‍ ആദിവാസി ഊരുകളില്‍ നിന്നും വൃതം നോറ്റു ഒരുങ്ങി 101 പേര്‍. നാളെയാണ് കോട്ടൂര്‍ മുണ്ടണി മാടന്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ നിന്നും ഇവര്‍ യാത്ര തിരിക്കുന്നത്. പാറ്റാംപ്പാറ കുന്നത്തേരി, വ്‌ലാവിള, കമലകം, പൊടിയും ചോനാമ്പാറ, മുക്കോത്തിവയല്‍, ആയിരംകാല്‍, കൊമ്പ, മുളമൂട്, പട്ടാണിപ്പറ എന്നിവിടങ്ങളില്‍ നിന്നായി കാണിവിഭാഗത്തില്‍പ്പെട്ട കുട്ടികളും ചെറുപ്പക്കാരും വൃദ്ധരും അടങ്ങുന്ന അയ്യപ്പന്മാരാണ് സംഘത്തിലുള്ളത്.
വനത്തിനുള്ളിലെ വിവിധ കളങ്ങളില്‍ അഗസ്ത്യമുനിയെ ഗുരുവായി സങ്കല്‍പ്പിച്ചു കെട്ടു നിറച്ചു ബുധനാഴ്ച രാവിലെ മുണ്ടണി മാടന്‍ ക്ഷേത്രത്തില്‍ എത്തുകയും ഇവിടെ നിന്നും എട്ടുമണിയോടെ രണ്ടു ബസുകളിലായി യാത്ര തിരിക്കുകയും ചെയ്യും. വനത്തില്‍ നിന്നും ശേഖരിച്ച കാട്ടുതേന്‍, കാട്ടുകുന്തിരിക്കം, കദളിക്കുല, കരിമ്പ് എന്നിവയും സ്വന്തം കരങ്ങളാല്‍ ഈറ്റയിലും മുളയിലും തീര്‍ത്ത പുഷ്പങ്ങള്‍ ശേഖരിക്കുന്ന പെട്ടികള്‍ എന്നിവയും ഇരുമുടി കെട്ടിന് പുറമെ തലച്ചുമടായി ശബരിമല സോപാനത്തില്‍ നേരിട്ട് സമര്‍പ്പിക്കും. ഇവര്‍ നല്‍കുന്ന കാട്ടുതേന്‍ വ്യാഴാഴ്ച രാവിലെ മൂല വിഗ്രഹത്തില്‍ ക്ഷേത്ര തന്ത്രി അഭിഷേകം നടത്തും.
കാനന വാസനെ കാണാനുള്ള യാത്രയിലും തിരികെയും മുണ്ടണി മാടന്‍ തമ്പുരാനും കാലാട്ടുതമ്പുരാനും ഇളകോടി ചാവുകളും മലമുത്തപ്പന്മാരും ഇവര്‍ക്ക് സുരക്ഷയൊരുക്കി യാത്രയ്‌ക്കൊപ്പം ഉണ്ടാകും എന്നാണ് സങ്കല്‍പ്പം. ദര്‍ശനം കഴിഞ്ഞു അഗസ്ത്യമുനിയെ വണങ്ങിയ ശേഷമാണ് വൃതം അവസാനിപ്പിച്ചു മാലയൂരുന്നത്.
കൂടാതെ സംഘം തിരികെ എത്തുന്നതുവരെ ഇവരുടെ ബന്ധുക്കള്‍ മുണ്ടണി മാടന്‍ ക്ഷേത്രത്തില്‍ താമസിച്ചു മലദേവതകളുടെ പ്രീതിക്കായി പൂജകള്‍ ചെയ്യും. മൂന്നു പതിറ്റാണ്ടിലേറെയായി ആദിവാസി സംഘം കാഴ്ചകളുമായി ഇവിടുന്നു മല ചവിട്ടാറുണ്ടെങ്കിലും ആദ്യമായാണ് നൂറിലധികം ഭക്തര്‍ ഒരുമിച്ചു പോകുന്നത് എന്ന് ക്ഷേത്ര ട്രസ്റ്റി വിനോദ് പറഞ്ഞു. യാത്രയിലുടനീളം ഇവര്‍ക്ക് അടിയന്തിര സഹായത്തിനു പൊലിസ്് സേവനം ലഭ്യമാക്കാന്‍ ഇവര്‍ എ.ഡി.ജി.പി ബി സന്ധ്യയെ കണ്ടു അഭ്യര്‍ഥിച്ചിരുന്നു. എല്ലാ സഹായവും ഉണ്ടാകുമെന്ന് എ.ഡി.ജി.പി ഉറപ്പു നല്‍കിയിട്ടുണ്ട്.
കൂടാതെ സന്നിധാനത്തും സംഘത്തിന് താമസം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യവും ദര്‍ശനത്തിനുള്ള സൗകര്യവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് സെക്രട്ടറി വി.എസ് ജയകുമാറും ഉറപ്പു നല്‍കി. മുണ്ടണി മാടന്‍ തമ്പുരാന്‍ ക്ഷേത്ര ട്രസ്റ്റ് ആണ് ആദിവാസികള്‍ക്കായി ശബരിമലയാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."