ഫൈസല്‍വധം; പ്രതിഷേധജ്വാലയായി സര്‍വകക്ഷി ബഹുജന മാര്‍ച്ച്
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ വിവിധ ആവശ്യങ്ങളുന്നയിച്ചു തിരൂരങ്ങാടി സി.ഐ ഓഫിസിലേക്കു സര്‍വകക്ഷി നടത്തിയ ബഹുജന മാര്‍ച്ചില്‍ അധികാരികള്‍ക്കെതിരേ പ്രതിഷേധമിരമ്പി. കനത്ത വെയില്‍ വകവയ്ക്കാതെ ആയിരങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
കേസില്‍ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യുക, ഗൂഢാലോചന നടത്തിയ സ്ഥാപനത്തിനെതിരേ നടപടിയെടുക്കുക, പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. വിവിധ രാഷ്ട്രീയ, മതസംഘടനാ നേതാക്കളും അണികളും അണിനിരന്ന മാര്‍ച്ച് തിരൂരങ്ങാടി യതീംഖാന ഗ്രൗണ്ടില്‍നിന്നു രാവിലെ 10.30നാണ് ആരംഭിച്ചത്. ചെമ്മാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബാരിക്കേഡുകള്‍ തീര്‍ത്ത് മാര്‍ച്ച് പൊലിസ് തടഞ്ഞു. ഫൈസല്‍ വധക്കേസില്‍ ഗൂഢാലോചന നടത്തിയതടക്കമുള്ള മുഴുവന്‍ പ്രതികളെയും പിടികൂടുന്ന കാര്യത്തില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നു പൊതുയോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി.
ജില്ലയില്‍ വര്‍ഗീയത വിതയ്ക്കാനും അതുവഴി കലാപമുണ്ടാക്കാനുമുള്ള സംഘ്പരിവാറിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും നേതാക്കള്‍ ആരോപിച്ചു. മുസ്‌ലിംലീഗ് മണ്ഡലം സെക്രട്ടറി കെ.കെ നഹ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി കെ.പി.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പനക്കല്‍ (ആര്‍.എസ്.പി), വാസു കാരയില്‍ (സി.എം.പി), ഗണേഷ് വടേരി (വെല്‍ഫെയര്‍ പാര്‍ട്ടി) അഡ്വ. പി.പി സഗീര്‍ (ആംആദ്മി), ഉസ്മാന്‍ കാച്ചടി (പി.ഡി.പി), നഈം പരപ്പനങ്ങാടി (യൂത്ത്‌ലീഗ്), നീലങ്ങത്ത് അബ്ദുല്‍ സലാം (കോണ്‍ഗ്രസ്) സംസാരിച്ചു.
സി.പി.എം, എസ്.ഡി.പി.ഐ, ഐ.എന്‍.എല്‍ സംഘടനകള്‍ വിട്ടുനിന്നു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍കുട്ടി, കെ. കുഞ്ഞിമരക്കാര്‍, എ.കെ മുസ്തഫ, പച്ചായി ബാവ, പാലക്കാട്ട് രായിന്‍കുട്ടി, ലത്വീഫ് കൊടിഞ്ഞി, പാട്ടശ്ശേരി റഷീദ്, മാളിയാട്ട് റസാഖ് ഹാജി, യു.എ റസാഖ്, റഹീം മാസ്റ്റര്‍, നടുത്തൊടി മുസ്തഫ, പി.പി കബീര്‍, പനക്കല്‍ മുജീബ്, കുഞ്ഞാന്‍ഹാജി, മോഹനന്‍ വെന്നിയൂര്‍, പുല്ലാണി ഭാസ്‌കരന്‍, പാലക്കാട്ട് വാഹിദ്, സക്കരിയ ഇല്ലിക്കല്‍ നേതൃത്വം നല്‍കി.
കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തുക, ഗൂഢാലോചന നടത്തിയ വിദ്യാനികേതന്‍ എന്ന സ്ഥാപനത്തിനെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സര്‍വകക്ഷി നേതാക്കള്‍ ഡിവൈ.എസ്.പിക്കു നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."