സംസ്ഥാന സ്‌കൂള്‍ കായികമേള: സി. ബബിതക്ക് രണ്ടു സ്വര്‍ണം
ഷൊര്‍ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ യശസ് ഉയര്‍ത്തിയ സി. ബബിതയുടെ കുടുംബത്തില്‍ വാനോളം ആഹ്ലാദം. വാണിയംകുളം പഞ്ചായത്തിലെ ചെറുകാട്ടുപുലം ചുക്കാന്‍മാര്‍തൊടിയില്‍ ബാലകൃഷ്ണന്റെയും കമലത്തിന്റെയും മകളാണ് സി. ബബിത. സീനിയര്‍ പെണ്‍കുട്ടികളുടെ മൂവ്വായിരം മീറ്ററിലും, 1500 മീറ്ററിലും സ്വര്‍ണം ലഭിച്ച ബബിതയുടെ നാടായ വാണിയംകുളം ബബിതയെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.
കൂലിപ്പണിക്കാരായ അച്ഛനും അമ്മയും പത്തനംതിട്ടയില്‍ സ്വകാര്യകമ്പനിയില്‍ വെല്‍ഡിങ് ജോലി നോക്കുന്നു. സഹോദരന്‍ ബവജും അടങ്ങുന്നതാണ് ബബിതയുടെ കുടുംബം. കായികപരിശീലകന്‍ രാമചന്ദ്രന്‍ മാസ്റ്ററുടെ കഴിവും പ്രോത്സാഹനവും കൊണ്ടാണ് ഈ നാട്ടിന്‍പുറത്തുകാരി സംസ്ഥാനത്തിനു തന്നെ അഭിമാനമാവുന്നത്. മൂവ്വായിരത്തിലും ആയിരത്തി അഞ്ഞൂറിലും ഓട്ടത്തില്‍ സ്വര്‍ണം നേടിയെങ്കിലും എണ്ണൂറ് മീറ്ററില്‍ രണ്ടാം സ്ഥാനമേ ലഭിച്ചുള്ളൂ. നാനൂറ്, എണ്ണൂറ് മീറ്ററില്‍ സബ് ജൂനിയര്‍ തലത്തില്‍ തുടങ്ങിയ മികവ് പിന്നീട് കുതിച്ചുചാട്ടം തന്നെയായിരുന്നു. 2011 മുതല്‍ ദേശീയ സ്‌കൂള്‍ മീറ്റില്‍ സംസ്ഥാനത്തിനു വേണ്ടി ഇറങ്ങിയ ബബിത മെഡലുകള്‍ നിരവധി കരസ്ഥമാക്കി.
മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റിലും, ബ്രസീലില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റിലും 800 മീറ്ററില്‍ വെങ്കലം കരസ്ഥമാക്കി. കൊളബിയയിലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി ഓടി. ബബിതയുടെ അച്ഛന്‍ ബാലകൃഷ്ണന് ആറു മാസം മുന്‍പ് വീട്ടുവളപ്പില്‍ പുല്ലരിയുമ്പോള്‍ പുല്ല് കണ്ണില്‍ തെറിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിക്കേണ്ടി വന്നു. കണ്ണിലെ അസുഖം പൂര്‍ണമായും മാറാത്തതിനെ തുടര്‍ന്ന് ജോലിക്ക് പോകാനും കഴിയുന്നില്ല. കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ബബിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."