ഭാഗ്യം കൈവിട്ടില്ല; രാധിക ഇനി ഡോക്ടറാകും
നീലേശ്വരം: ഏറെക്കാലത്തെ ആഗ്രഹം സഫലമാകാന്‍ കിനാനൂര്‍ കരിന്തളം കടയംകയത്തെ സി. കുഞ്ഞികൃഷ്ണന്റെ മകള്‍ രാധികയ്ക്കു ഇനി ഏതാനും വര്‍ഷങ്ങളുടെ കാത്തിരിപ്പു മതി. കയ്യെത്തും ദൂരത്തെത്തിയിട്ടും ബി.എ.എം.എസിനു ചേരാന്‍ കഴിയില്ലെന്ന നിരാശയില്‍ കഴിയുമ്പോഴാണു വീണ്ടും ഭാഗ്യം രാധികയെ തേടിയെത്തിയത്.
കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ 87 റാങ്കായിരുന്നു ഈ മിടുക്കിക്ക്. സ്‌പോട്ട് അഡ്മിഷനായി തിരുവനന്തപുരത്തെത്തിയ രാധികയ്ക്കു നിരാശയായിരുന്നു ഫലം. നാലു സീറ്റുണ്ടെന്നായിരുന്നു ആദ്യ അറിയിപ്പില്‍ ലഭിച്ച വിവരം. എന്നാല്‍ അഡ്മിഷന്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ക്കു മാത്രമാണു പ്രവേശനം ലഭിച്ചത്.
രണ്ടു കോളജുകള്‍ കരാറില്‍ നിന്നും പിന്മാറി എന്നു പറഞ്ഞായിരുന്നു രാധികയെ മടക്കിയത്. എന്നാല്‍ നിരാശയിലും രാധിക പിന്മാറാന്‍ തയാറായില്ല. എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണര്‍ക്കും, ആരോഗ്യ മന്ത്രിയുടെ ഓഫിസിലും പരാതി നല്‍കിയാണു മടങ്ങിയത്.
ഇനി പ്രവേശനം കിട്ടില്ല എന്നു കരുതിയിരിക്കുമ്പോഴാണു വീണ്ടും സ്‌പോട്ട് അഡ്മിഷനുള്ള അറിയിപ്പു ലഭിച്ചത്. ഇത്തവണ ഭാഗ്യം ഈ മിടുക്കിക്കൊപ്പമായിരുന്നു. പറശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശനം.
പരവനടുക്കം ഗവ. എം.ആര്‍.എസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ രാധിക ആദ്യ തവണ എന്‍ട്രന്‍സ് പരീക്ഷയെഴുതിയെങ്കിലും റാങ്ക് പട്ടികയില്‍ വന്നില്ല. പിന്നീട് വിദഗ്ധ പരിശീലനത്തിനു ശേഷം വീണ്ടും എഴുതിയപ്പോഴാണു പട്ടികയിലിടം പിടിച്ചത്. ആയുര്‍വേദ ഡോക്ടറാകാനാണു ഈ മിടുക്കിക്കു താല്‍പര്യം. രാധികയ്ക്കു ഡോക്ടറാകാനുള്ള അവസരം കൈവന്നതറിഞ്ഞതോടെ ഒരു ഗ്രാമം മുഴുവന്‍ സന്തോഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."