അമിത വേഗതയിലെത്തിയ ആഡംബര ബൈക്ക് നിയന്ത്രണംവിട്ട് മറ്റു ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു
കൊട്ടിയം: ദേശീയപാതയില്‍ അമിതവേഗതയിലെത്തിയ ആഡംബര ബൈക്ക് നിയന്ത്രണംവിട്ട് മറ്റു ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു ബൈക്കുകളിലുമായി ഉണ്ടായിരുന്ന അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മയ്യനാട് ആര്.സി ബാങ്കിലെ സീനിയര്‍ ക്ലാര്‍ക്ക് കുട്ടിക്കട അമ്മാച്ചന്‍മുക്ക് താന്നോലില്‍ വീട്ടില്‍ ബേബി എന്നു വിളിക്കുന്ന ശുഭകുമാറാ(49)ണ് മരിച്ചത്. കൊട്ടിയം സുപ്രിം ഹൗസില്‍ അന്‍സര്‍ (40), കുട്ടിക്കട അമ്മാച്ചന്‍മുക്ക് ആക്കോലില്‍ ശ്രീലതാ നിലയത്തില്‍ അനില്‍ കുമാര്‍ (52) കൊട്ടിയം ദൃശ്യത്തില്‍ ധ്യാന്‍ (36), ചാത്തന്നൂര്‍ വരിഞ്ഞം പ്രവീണ്‍ മന്ദിരത്തില്‍ പ്രമോദ് (20), വരിഞ്ഞം കോങ്ങറവിള വീട്ടില്‍ കണ്ണന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ അന്‍സറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും കണ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ മറ്റുള്ളവര്‍ കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രിയിലെ തീപ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയില്‍ ഉമയനല്ലൂര്‍ പട്ടരു മുക്കിലായിരുന്നു അപകടം. ശുഭകുമാറും അനില്‍കുമാറും ഒരു മരണവീട്ടില്‍ പോകുന്നതിനു ബൈക്കില്‍ വരുമ്പോള്‍ കണ്ണനും പ്രമോദും സഞ്ചരിച്ചിരുന്ന ആഡംബര ബൈക്ക് നിയന്ത്രണം വിട്ട് ഇവരുടെ ബൈക്കിലും അന്‍സറും ധ്യാനും സഞ്ചരിച്ചിരുന്ന ബൈക്കിലും ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കുകളും ഹെല്‍മറ്റും തകര്‍ന്നു. പരുക്കേറ്റവരെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശുഭകുമാര്‍ മരണമടഞ്ഞിരുന്നു. കൊട്ടിയം പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അംഗന്‍വാടി ജീവനക്കാരി ജയശ്രീയാണ് ശുഭകുമാറിന്റെ ഭാര്യ. മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് സ്കൂളിലെ വിദ്യാര്‍ഥികളായ നിഖിത, നമിത എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."