സി.പി.എം ജില്ലാകമ്മിറ്റി ഓഫിസിനു നേരെ കുപ്പിയേറ്: സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും
പാലക്കാട്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ഇന്നലെ നടന്ന കുപ്പിയേറുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം ശക്തമാക്കി. സംഭവത്തില്‍ ആരേയും പിടികൂടിയിട്ടില്ല. കുപ്പിയേറില്‍ ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ന്നിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വിക്ടോറിയ കോളജിനു സമീപത്താണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് സ്ഥിതിചെയ്യുന്നത്. ബിയര്‍ കുപ്പിയില്‍ മണ്ണെണ്ണ നിറച്ചാണ് ഓഫിസിനുനേരെ എറിഞ്ഞിട്ടുള്ളത്. ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ട കെ.എല്‍ 09 വൈ 5252 നമ്പര്‍ കാറിന്റെ ചില്ലാണ് ഒരുകുപ്പിയേറില്‍ തകര്‍ന്നത്. മുകള്‍ഭാഗം തുണിചുറ്റി കത്തിച്ചശേഷമെറിഞ്ഞ മറ്റൊരു കുപ്പി മുന്‍വശത്തെ ചുമരിനടുത്താണ് വീണിട്ടുള്ളത്. കരിപ്പാടുകള്‍ ചുമരിലുണ്ട്.
സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുള്ളത്. രാത്രിയായതിനാല്‍ ആക്രമണം നടത്തിയവരാരേയും കണ്ടെത്താനോ തിരിച്ചറിയാനോ കഴഞ്ഞിട്ടില്ല. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം സാമൂഹ്യവിരുദ്ധ ആക്രമണത്തിനാണ് നിലവില്‍ പൊലിസ് കേസെടുത്തിട്ടുള്ളത്. അതേസമയം പ്രതികളെ കണ്ടെത്തുന്നതിനായി സി.പി.എം ഓഫിസിനു സമീപത്തെ കടകള്‍, ബാങ്ക് എന്നിയ്ക്ക് മുന്നിലുള്ള സി.സി.ടി.വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യം പൊലിസ് പരിശോധിച്ചുവരികയാണ്. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും മറ്റും ഇന്നലെ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എസ്.പി അടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥറും സ്ഥലത്തെത്തി.
സംഭവമറിഞ്ഞ് നിരവധി പ്രവര്‍ത്തകരാണ് ഇന്നലെ പാര്‍ട്ടി ഓഫിസിനുചുറ്റും തടിച്ചുകൂടിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നോര്‍ത്ത് പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ജില്ലയില്‍ ഇന്നലെ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കഞ്ചിക്കോട് നടക്കുന്ന സി.പി.എം -ആര്‍.എസ്.എസ് സംഘര്‍ഷത്തിന്റെ ഭാഗമായാണോ ആക്രമണമെന്നും സംശയമുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഇന്നലെ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."