ഹരിത കേരളം പദ്ധതിയ്ക്ക് തുടക്കമായി
പെരുമ്പാവൂര്‍ നഗരസഭയുടെ ശുചിത്വ പെരുമ്പാവൂര്‍ പദ്ധതിയുടെ രണ്ടാം ഘട്ടവും ഹരിത കേരളം പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനവും പെരുമ്പാവൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്നു. സിനിമ താരങ്ങളായ അനന്യ, അര്‍ജ്ജുന്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കികൊണ്ടും സസ്യ മാര്‍ക്കറ്റില്‍ സ്വാപ് ഷോപ്പ് ആരംഭിച്ച് കൊണ്ടുമാണ് ഹരിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍ അധ്യക്ഷത വഹിച്ചു.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പൊന്നിടാംചിറ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ വൃക്ഷത്തൈ വിതരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഇമാം ഷംസുദ്ദീന്‍ റാഷിദിക്ക് വൃക്ഷത്തൈ നല്‍കി പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ.എ സുദര്‍ശനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വെങ്ങോല ഒന്നാം വാര്‍ഡിലെ ചൂരക്കുളം ശുചീകരിച്ചു. വാര്‍ഡ് മെംമ്പര്‍ അനീസ ഇസ്മായിലിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ മുതിര്‍ന്ന അംഗങ്ങളായ അബ്ദുല്‍ ഖാദറും ശാന്തയും സംയുക്തമായി പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍ വാര്‍ഡ് മെംമ്പറായ അന്‍വര്‍ അലി, തൊഴിലുറപ്പ് അംഗങ്ങള്‍ നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു.
വാഴക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വാഴക്കുളം ഈസ്റ്റ് ഇറിഗേഷന്‍ കനാല്‍ ശുചീകരിച്ചു. കുളക്കാട്ട് പാടശേഖരത്തിലെ നെല്‍കൃഷിക്ക് വെള്ളമെത്തിച്ച് കൃഷി സംരക്ഷിക്കാനും പരമ്പരാഗത കുടിവെള്ള സ്രോതസ്സുകളായ വാര്‍ഡിലെ കുളങ്ങള്‍ സംരക്ഷിച്ച് കുടിവെള്ള ക്ഷാമത്തെ നേരിടാനുള്ള പദ്ധതിക്ക് മുടിക്കലില്‍ പ്രവര്‍ത്തിക്കുന്ന അലിവ് എന്ന സംഘടനയും വാര്‍ഡ് വികസന സമിതിയും ചേര്‍ന്ന് തീരുമാനിച്ചു. വാര്‍ഡ് മെമ്പറും വാഴക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ ഫാത്തിമ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. 13 വാര്‍ഡുകളിലും ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിന്റേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടേയും പച്ചക്കറി കൃഷി വ്യാപനത്തിന്റേയും പ്രാധാന്യത്തെ കുറിച്ചും വൈസ് പ്രസിഡന്റ് എ.റ്റി അജിത് കുമാര്‍ സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷോജോ റോയ്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിനി ഷാജി, മെമ്പര്‍മാരായ പി.കെ രാജു, എസ്.നാരായണന്‍, സെക്രട്ടറി കെ.എന്‍ രമേശ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."