മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം സംസ്‌കരിച്ചു
സ്വന്തം ലേഖകന്‍
കോഴിക്കോട്: നിലമ്പൂരില്‍ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം സംസ്‌കരിച്ചു. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു മാവൂര്‍ റോഡ് ശ്മശാനത്തില്‍ വൈകിട്ടോടെ സംസ്‌കരിച്ചത്. മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്‍പില്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വവും എത്തിയിരുന്നു. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ എത്തിയതെന്നും തങ്ങള്‍ക്ക് ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ ഏറ്റുമുട്ടലിന്റെ പേരില്‍ വെടിവച്ചുകൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം മാവോയിസ്റ്റുകളുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതു അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ രംഗത്തെത്തി. മൃതദേഹം മുതലക്കുളത്തോ പൊറ്റമ്മല്‍ വര്‍ഗീസ് സ്മാരക വായനശാലാ ഹാളിലോ പൊതുദര്‍ശനത്തിനു വയ്ക്കാനുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നീക്കമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.
മുതലക്കുളത്ത് പൊതുദര്‍ശനത്തിനു വയ്ക്കാന്‍ പൊലിസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പൊറ്റമ്മലില്‍ പൊതുദര്‍ശനത്തിനു വയ്ക്കാനുള്ള നീക്കത്തിനെതിരേ ബി.ജെ.പി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ രംഗത്തു വരികയായിരുന്നു. മൃതദേഹം പൊറ്റമ്മലില്‍ പൊതുദര്‍ശനത്തിനു വയ്ക്കാനുള്ള അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊറ്റമ്മല്‍-കുതിരവട്ടം റോഡ് ഉപരോധിച്ചു. മൃതദേഹം വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നത് അനുവദിക്കില്ലെന്നുമായിരുന്നു യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ നിലപാട്. തുടര്‍ന്ന് പൊതുദര്‍ശനത്തിനു വയ്ക്കില്ലെന്ന് എഴുതി വാങ്ങിയ ഉറപ്പിലാണ് പൊലിസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. എന്നാല്‍ കുപ്പുദേവരാജിന്റെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് 15 മിനിറ്റോളം മൃതദേഹം മോര്‍ച്ചറിക്കു മുന്‍പില്‍ പൊതുദര്‍ശനത്തിനു വച്ചതിനുശേഷമാണ് മാവൂര്‍റോഡ് ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയത്. മൃതദേഹം ഏറ്റുവാങ്ങാനായി കുപ്പുദേവരാജിന്റെ അമ്മയുടെ സഹോദരങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ഉള്‍പ്പെടെയുള്ളവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും സംസ്‌കാരചടങ്ങിലെത്തിയിരുന്നു. പൊലിസിന്റെ നിരീക്ഷണവുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ 24ന് നിലമ്പൂര്‍ വനത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാര്‍ അംബേദ്കര്‍ കോളനി സ്വദേശി കുപ്പു സ്വാമി എന്ന കുപ്പുദേവ രാജ്(61), ചെന്നൈ പുത്തൂള്‍ വാര്‍ഡ് എട്ടില്‍ സെക്കന്‍ഡ് ക്രോസില്‍ കാവേരി എന്ന അജിത(46) എന്നിവര്‍ കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന കുപ്പുദേവരാജിന്റെ ബന്ധുക്കളുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."