സ്ലിപ്പ് വേയുടെ നിര്‍മാണം പാതിവഴിയില്‍; ധൃതിപിടിച്ച് ഉദ്ഘാടനം നടത്താനുള്ള നീക്കം തടയുമെന്നു യൂത്ത് കോണ്‍ഗ്രസ്
തൃക്കരിപ്പൂര്‍: നിര്‍മാണം പാതിവഴിയിലായ സ്ലിപ്പ് വേയുടെ ഉദ്ഘാടനം ധൃതി പിടിച്ചു നടത്താനുള്ള നീക്കം തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ജലഗതാഗത വകുപ്പിന്റെബോട്ട് സര്‍വിസ് കാര്യക്ഷമമാക്കുന്നതിനു വേണ്ടി ആയിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള ബോട്ടുകള്‍ കയറ്റാനും ഇറക്കാനുമായാണു സ്ലിപ്പ് വേ നിര്‍മിക്കുന്നത്.
ഒരു കോടിയില്‍പരം രൂപയാണു നിര്‍മാണ ചെലവിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. നിര്‍മാണം കണ്ണൂര്‍ സില്‍ക്കാണ് ഏറ്റെടുത്തിരുന്നതെങ്കിലും മറ്റൊരു സ്വകാര്യ കരാറുകാരനു നിര്‍മാണത്തിനുള്ള ഉപകരാര്‍ ചുമതല നല്‍കിയതാണു നിര്‍മാണത്തില്‍ വീഴ്ച വരുവാന്‍ കാരണമായതെന്നാണ് ആരോപണം.
ഏതാനും ദിവസം മുന്‍പ് ബോട്ട് സര്‍വിസ് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ജലഗതാഗത വകുപ്പ് ആയിറ്റി കാര്യാലയത്തിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് വലിയപറമ്പ മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തിയിരുന്നു. അതിലെ പ്രധാന ആവശ്യമായിരുന്നു സ്ലിപ്പ് വേയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയെന്നത്.
പ്രവൃത്തി പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഈ മാസം 19നു ജലഗതാഗത വകുപ്പു മന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ആലോചനകള്‍ നടക്കുകയാണെന്നും കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച സ്ലിപ്പ് വേ കാര്യക്ഷമമാക്കാതെയുള്ള ഉദ്ഘാടനവും കരാറുകാരെ സഹായിക്കുന്ന അധികൃതരുടെ നീക്കവും തടയുന്നതിനൊപ്പം ഉദ്ഘാടന വേദിയിലേക്കു മാര്‍ച്ചും നിരാഹാരുള്‍പ്പെടെയുള്ള സമരവും നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് വലിയപറമ്പ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."