ഡിജിറ്റല്‍ ഇന്ത്യയുടെ നേര്‍മുഖം
ചരിത്രപ്രസിദ്ധമായ ഡല്‍ഹി ജുമാ മസ്ജിദിന്റെ എതിര്‍വശത്ത് ഉര്‍ദു ബസാറിന്റെ പഴകിപ്പൊളിഞ്ഞ ഗല്ലിയിലൂടെ നടന്നുനീങ്ങുന്നതിനിടയിലാണ് ആ സൈക്കിള്‍റിക്ഷക്കാരന്‍ എന്റെ അടുത്ത് വന്നത്. എനിക്ക് അവിടെനിന്ന് മെഹ്്ദിയാന്‍ എന്ന പ്രദേശത്തേക്ക് പോകേണ്ടതുണ്ടായിരുന്നു. മൗലാനാ ആസാദ് മെഡിക്കല്‍ കോളജിന്റെ അരികിലാണാ പ്രദേശം. അവിടെയാണ് ഇന്ത്യയുടെ വിദ്വല്‍ നഭസ്സില്‍ ഒരു വെള്ളിനക്ഷത്രമായി തിളങ്ങിയ ശാഹ് വലിയുല്ലാഹിദ്ദഹ്്‌ലവിയുടെ അന്ത്യവിശ്രമസ്ഥാനം.
നേരത്തേ ഒന്ന്, രണ്ട് റിക്ഷക്കാരുമായി സംസാരിച്ചെങ്കിലും കൂലി കയറ്റിപ്പറഞ്ഞതിനാല്‍ ഒഴിവാക്കിയതാണ്. ഇയാളെ കണ്ടപ്പോള്‍ കാശ് കൂട്ടിപ്പറഞ്ഞാലും ഒഴിവാക്കേണ്ടെന്ന് തോന്നി. ചെറിയ വിലപേശലിനിടയില്‍ അയാള്‍ 70 രൂപ ചോദിച്ചു. 50 തരാമെന്നായി ഞാന്‍. ഒടുവില്‍ 60 രൂപയ്ക്ക് സമ്മതം മൂളി. അങ്ങനെയാണ് ഞാനാ സൈക്കിള്‍റിക്ഷയിലെ യാത്രക്കാരനായത്.
പുരാതന ദില്ലിയിലെ പഴമയും പ്രൗഢിയും നിറഞ്ഞ കാഴ്ചകളിലൂടെ എന്നേയും ഇരുത്തി ആ മധ്യവയസ്‌കന്‍ തന്റെ സൈക്കിള്‍ റിക്ഷ ആഞ്ഞുചവിട്ടുകയാണ്. ഗല്ലീ റോഡിലെ കുഴികളിലും ഹമ്പുകളിലും കയറിയും ഇറങ്ങിയും റിക്ഷ മുന്നോട്ടു നീങ്ങുമ്പോള്‍ റിക്ഷക്കാരന്‍ അനുഭവിക്കുന്ന അധികഭാരം ചുമയിലൂടെയും ഞരക്കങ്ങളിലൂടെയും തികട്ടിവരുന്നത് കേള്‍ക്കാം.
മനുഷ്യരെ കയറ്റി ചവിട്ടിപ്പോകുന്ന സൈക്കിള്‍ റിക്ഷകള്‍ ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലെ പതിവ് കാഴ്ചയാണ്. ഡല്‍ഹിയില്‍ മാത്രം ആയിരക്കണക്കിനുപേര്‍ ഇത്തരം റിക്ഷകള്‍ ചവിട്ടി ഉപജീവനം നടത്തുന്നുണ്ടെന്നാണ് കണക്ക്.
അശരണരും അസംഘടിതരുമായ ഈ വിഭാഗത്തില്‍ പലരും വലിയ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നു. റോഡുകള്‍ അല്‍പം മെച്ചപ്പെടുകയും അധ്വാനത്തിന് ഒത്തിരി ശമനം വരികയും ചെയ്തപ്പോള്‍ ഞാന്‍ അയാളുമായി പരിചയപ്പെടാന്‍ ശ്രമിച്ചു.
പേര് മുഹമ്മദ് സഹീര്‍. ബിഹാര്‍ സ്വദേശി. പാറ്റ്‌നയ്ക്കടുത്ത പുല്‍വാരി ശരീഫില്‍നിന്ന് ഡല്‍ഹിയിലെത്തിയിട്ട് 7-8 വര്‍ഷമായി. കുറേ അലച്ചിലിന് ശേഷം കൈവന്ന ജീവിതമാര്‍ഗമാണ് ഈ സൈക്കിള്‍ റിക്ഷ. വേറെ ഒരു കൈത്തൊഴിലും വശമില്ല. സ്‌കൂളിന്റെ പടിവാതില്‍ ചവിട്ടിയിട്ടില്ല. മദ്‌റസയിലും കയറിയിട്ടില്ല. ഒരു ഭാഷയിലും അക്ഷരാഭ്യാസം നേടിയിട്ടില്ല. വിവാഹിതനാണ്. രണ്ട് കുട്ടികളുണ്ട്. ദിവസം 10-12 മണിക്കൂര്‍ റിക്ഷ ചവിട്ടിയാല്‍ 400-500 രൂപ കിട്ടും. അതില്‍ 60 രൂപ റിക്ഷയുടെ ഉടമയ്ക്ക് കൊടുക്കണം. പിന്നെ ഭക്ഷണവും താമസവും. നാട്ടില്‍ കഴിയുന്ന കുടുംബത്തിന് കഴിയാനുള്ളത് അയച്ചുകൊടുത്തു കഴിഞ്ഞാല്‍ കീശ ശൂന്യം. മിച്ചം വയ്ക്കാന്‍ ഈ കഠിനാധ്വാനത്തിന്റെ ഫലമായി വില്ലന്‍ചുമയും നെഞ്ചുവേദനയും മാത്രം.
ഇങ്ങനെ റിക്ഷ ചവിട്ടുന്നവര്‍ മിക്കവരും വാടകയ്ക്ക് പണിയെടുക്കുന്നവരാണ്. ഒരു പതിനായിരം നല്‍കി റിക്ഷ സ്വന്തമാക്കാനുള്ള സാമ്പത്തിക നിലവാരം ഇവര്‍ക്കില്ല. ഇത്തരം നിരവധി ജീവനക്കാരെ സൈക്കിള്‍ റിക്ഷകള്‍ ഏല്‍പിച്ചു കൃത്യമായി വാടക വസൂല്‍ ചെയ്യുന്ന വമ്പന്മാരാണ് ഇവരുടെ മുതലാളിമാര്‍.
ഞാന്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അതെവിടെയെന്നായി അയാളുടെ ചോദ്യം. അങ്ങോട്ടു ചെല്ലാന്‍ പാസ്‌പോര്‍ട്ട് വേണോ എന്നും അയാള്‍ക്ക് സംശയം. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും അവിടെ ചെല്ലാന്‍ പാസ്‌പോര്‍ട്ട് വേണ്ടെന്നും വിശദീകരിച്ചപ്പോള്‍ അതൊരു പുതിയ അറിവായി അയാള്‍ മനസ്സില്‍ കുറിച്ചിട്ടു. സൈക്കിള്‍ റിക്ഷ അപ്പോള്‍ ചരിത്ര പ്രസിദ്ധമായ ഓള്‍ഡ് ഡല്‍ഹിയുടെ രാജപാതയിലൂടെ നീങ്ങുകയായിരുന്നു.
മുസ്്‌ലിമാണെന്നറിഞ്ഞതിനാല്‍ ഈ ജോലിക്കിടയില്‍ നിസ്‌കാരത്തിനൊക്കെ സമയം കിട്ടാറുണ്ടോ എന്ന് ഞാന്‍ തിരക്കി. ആഴ്ചയില്‍ ജുമുഅക്ക് പോകാറുണ്ടെന്നും ചിലപ്പോള്‍ അതും മുടങ്ങുമെന്നും അല്‍പം വൈക്ലഭ്യത്തോടെ അയാള്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ, ഓതാന്‍ ഒന്നും അറിയില്ല. ഫാത്തിഹപോലും. വടക്കേ ഇന്ത്യയിലെ മുസ്്‌ലിം പൊതുരീതിയുടെ നേര്‍ക്കാഴ്ചയായി അയാള്‍ തെളിഞ്ഞുനിന്നു.
തലേദിവസം ലഖ്‌നോ യാത്രയ്ക്കിടെ പരിചയപ്പെട്ട മറ്റൊരു മുഖം അപ്പോള്‍ എന്റെ മനസ്സില്‍ ഓടി മറഞ്ഞു. നദ്‌വിയിലേക്കുള്ള പാതയുടെ ഓരത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി കൂരയുണ്ടാക്കി അതില്‍ അന്തിയുറങ്ങുന്ന ഹമീദ് മുഹമ്മദ്. സൈക്കിള്‍ റിക്ഷയിലാണ് അയാളും ജീവിതം ചവിട്ടിനീക്കുന്നത്. വരുമാനം ഡല്‍ഹിയിലേതുപോലെ തന്നെ. ഒരു വ്യത്യാസം താന്‍ ചവിട്ടുന്ന റിക്ഷ ഹമീദിന് സ്വന്തമാണ്. എന്നാല്‍ ഡല്‍ഹിയിലെ മിക്ക റിക്ഷക്കാര്‍ക്കും അതിന് വകയില്ലെന്ന് മാത്രമല്ല, മുതലാളിമാര്‍ അതിന് സമ്മതിക്കുകയുമില്ല.
കേരളത്തില്‍ ധാരാളം പേര്‍ ബിഹാറില്‍നിന്നും മറ്റുമായി ജോലി തേടിയെത്തുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അയാളുടെ ഉള്ളിലും പുതിയ മോഹങ്ങള്‍ മുളപൊട്ടിക്കാണും. കേരളത്തില്‍ സൈക്കിള്‍ റിക്ഷയില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് അദ്ഭുതം. വിശേഷങ്ങള്‍ കൈമാറുന്നതിനിടയില്‍ റിക്ഷ മെഹ്ദിയാനിലെത്തി. ദഹ്‌ലവിയുടെ മഖ്ബറയിലേക്കുള്ള വഴി ചൂണ്ടിക്കാട്ടുന്നതിനിടയില്‍ ഞാന്‍ നൂറു രൂപയുടെ നോട്ട് നല്‍കി ബാക്കി വേണ്ടെന്നു പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് കണ്ട തിളക്കം. ഒരു പത്ത് രൂപ കിട്ടാന്‍ വേണ്ടിവരുന്ന പെടാപാട് അയാള്‍ക്കല്ലേ അറിയൂ.
ഇന്ത്യയിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം ഇത്തരം പച്ചപ്പാവങ്ങളാകുമ്പോള്‍ ഇവരെയൊക്കെ ഒറ്റയടിക്ക് കാഷ്്‌ലെസ് എക്കോണമിയുടെ ദന്ത ഗോപുരത്തിലേക്ക് കയറ്റിവിടാന്‍ നമ്മുടെ പ്രധാനമന്ത്രിക്ക് എത്ര ആഞ്ഞുചവിട്ടേണ്ടി വരുമെന്ന ചിന്തയാണ് ഇപ്പോള്‍ എന്നെ മഥിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."