പ്രവാചക സ്മൃതിയില്‍ ഇന്ന് നബിദിനം
കോഴിക്കോട്: പ്രവാചക സ്‌നേഹികളുടെ മനസകങ്ങളില്‍ തിരുവസന്തത്തിന്റെ അനുഭൂതിപകര്‍ന്ന് ഇന്ന് നബിദിനം. അറബി മാസത്തിലെ റബീഉല്‍ അവ്വല്‍ 12നാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ജനനം.
ലോകത്തെമ്പാടുമുള്ള വിശ്വാസിസമൂഹം ഈ ദിനത്തില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളില്‍ മുഴുകും. നബിദിനത്തോടനുബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നബിദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ പള്ളി, മദ്‌റസ, മറ്റു മതസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഇന്നു രാവിലെ ഘോഷയാത്രകള്‍ നടക്കും. വര്‍ണാഭമായ കൊടിതോരണങ്ങളും കൊണ്ട് നാടും നഗരവും ദിവസങ്ങള്‍ക്കു മുന്‍പേ ഒരുങ്ങിക്കഴിഞ്ഞു. ഇന്നും നാളെയുമായി മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കും. മധുരപലഹാര വിതരണവും അന്നദാനത്തിനുള്ള സജ്ജീകരണങ്ങളും തയാറായിട്ടുണ്ട്. ബുര്‍ദാ-മൗലിദ് വേദികളും നബിദിനത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നടക്കും. ദഫ്, സ്‌കൗട്ട് അടക്കമുള്ള വിദ്യാര്‍ഥികളുടെ കലാപരിപാടികളും നബിദിനത്തിന് മാറ്റുകൂട്ടും.
നബിദിനാഘോഷ പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് പ്രയാസം വരുത്താതെ സംഘടിപ്പിക്കണമെന്ന് 'സമസ്ത' ആഹ്വാനം ചെയ്തിട്ടുണ്ട്. മീലാദ് റാലികള്‍ ഗതാഗത തടസം വരുത്താതെ നടത്തണമെന്നും പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ് എന്നിവ അലക്ഷ്യമായി ഉപേക്ഷിക്കരുതെന്നും നിര്‍ദേശമുണ്ട്. തിരുനബിയുടെ ജന്മദിനം സമുചിതമായി ആഘോഷിക്കാന്‍ മഹല്ല്, മദ്‌റസാ കമ്മിറ്റി ഭാരവാഹികള്‍, മുഅല്ലിംകള്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ മുന്‍കൈയെടുക്കണമെന്നും 'സമസ്ത' അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."