മാഹിയെ കുറ്റരഹിതമാക്കാന്‍ പൊലിസ്; പൊതുജനങ്ങളുമായി മുഖാമുഖം നടത്തി
മാഹി: പുതുച്ചേരി ഗവര്‍ണര്‍ ഡോ. കിരണ്‍ബേദിയുടെ നിര്‍ദേശപ്രകാരം പള്ളൂര്‍, പന്തക്കല്‍, ചാലക്കര, മാഹി എന്നീ പ്രദേശങ്ങളെ കുറ്റരഹിത പ്രദേശമായി മാറ്റാനുള്ള തയാറെടുപ്പ് തുടങ്ങി. ഇതിന്റെ ഭാഗമായി പൊതു ജനങ്ങളുമായി എസ്.പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പള്ളൂര്‍ പൊലിസ് സ്റ്റേഷനില്‍ മുഖാമുഖം നടത്തി. എല്ലാ പ്രശ്‌നങ്ങളും പൊലിസ് സ്റ്റേഷനിലെത്തി ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയത് പരിഹരിക്കാമെന്ന് പൊലിസ് ഉറപ്പുനല്‍കി. വയോധികര്‍ നേരിടുന്ന മാനസിക പീഡനങ്ങള്‍, പെണ്‍കുട്ടികള്‍ക്കുണ്ടാക്കുന്ന ശാരീരിക പീഡനങ്ങള്‍, മേഖലയിലെ ഗതാഗത പ്രശ്‌നങ്ങള്‍, സ്‌കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ പാര്‍ക്കിലും മറ്റും കറങ്ങുന്നത്, മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് എന്നിവയടക്കമുള്ള പ്രശ്‌നങ്ങള്‍ ഫോണിലൂടെയോ നേരിട്ടോ വിവരമറിയിച്ചാല്‍ പരിഹാരമുണ്ടാക്കും.
വ്യാഴാഴ്ചകളില്‍ വൈകുന്നേരം പള്ളൂര്‍ സ്റ്റേഷനില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹാരം കണ്ടെത്തും. കേരളത്തില്‍ നിന്നു മാഹിയിലെത്തി നടത്തുന്ന പലവിധ അനധികൃത വ്യാപാരങ്ങളും അന്വേഷിക്കാന്‍ എസ്.പി ഉത്തരവിട്ടു.
മുഖാമുഖം പരിപാടിയില്‍ മാഹി എസ്.ഐ സെന്തില്‍കുമാര്‍, പള്ളൂര്‍ എ.എസ്.ഐ ജയ ഗുരുനാഥ്, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ പ്രദീപ്, പന്തക്കല്‍ എ.എസ്.ഐ ഷണ്‍മുഖം എന്നിവര്‍ പങ്കെടുത്തു.
അതേസമയം, പൊലിസ് നടത്തിയ റെയ്ഡില്‍ ഇടയില്‍പീടികയിലെ ബേക്കറിയില്‍ നിന്നു ഹാന്‍സ്, ചൈനി കെയ്‌നി, കൂള്‍ലിപ്പ് എന്നീ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.
കടയുടമ കെ.എം പ്രദീപന്‍, ഗീത എന്നിവരെ അറസ്റ്റുചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."