റേഷന്‍ വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് അടുപ്പു കൂട്ടല്‍ സമരം സംഘടിപ്പിച്ചു
കുമ്പള: കഴിഞ്ഞ രണ്ട് മാസത്തോളമായി നിലച്ച റേഷന്‍ വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഇരുന്നൂറോളം കുടുംബങ്ങള്‍ റേഷന്‍ കടക്കു മുന്പില് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.
ഇന്നലെ കുമ്പള ഷിറിയ എ.ആര്.ഡി നമ്പര്‍ 26 റേഷന്‍ കടയിലാണ് ഇരുന്നോളം കുടുംബങ്ങളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. രണ്ട് മാസത്തോളമായി റേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ മാസം ഒന്പതിനു ഇവിടെ നൂറോളം കുടുംബങ്ങള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നു കുമ്പള എസ്.ഐ മെല്വിന് ജോസിന്റെ മധ്യസ്ഥതയില്‍ പ്രശ്നം ചര്‍ച്ച ചെയ്ത് ഇന്നലെ മുതല്‍ അരി വിതരണം തുടങ്ങുമെന്ന ഉറപ്പിന് മേല്‍ പിരിഞ്ഞു പോവുകയായിരുന്നു. റേഷന്‍ കടയുടമ നല്കിയ ഉറപ്പിന്മേല് ഇന്നലെ രാവിലെ മുതല്‍ കടയ്ക്ക് മുന്നില്‍ റേഷന്‍ വാങ്ങാനെത്തിയ ഉപഭോക്താക്കളോട് അരിയില്ലെന്ന് പറഞ്ഞതോടെയാണ് ജനം ക്ഷുഭിതരായത്. ഇതിനിടെ വിവരമറിഞ്ഞെത്തിയ കുമ്പള എസ്.ഐ മെല്വിന് ജോസ് കടയിലെത്തിയവരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അരി കിട്ടാതെ പോകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞാണ് ഇവര്‍ കടയ്ക്ക് മുന്നില്‍ അടുപ്പ് കൂട്ടി പ്രതിഷേധിച്ചത്. ഇതിനിടെ ഉപ്പള മള്ളങ്കൈയിലെ സപ്ലൈ ഓഫിസിലെത്തിയ നൂറോളം ഉപഭോക്താക്കള്‍ സപ്ലൈ ഓഫിസറെ ഉപരോധിച്ചു. അടുത്ത ദിവസങ്ങളില്‍ അരി കിട്ടിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കട തുറക്കാന്‍ സമ്മതിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും സമരക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."