കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കി കടത്തിയതുമായി ബന്ധപ്പെട്ട് പാലോട് ഫോറസ്റ്റ് റേഞ്ചില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു.
11ാം തീയതി രാവിലെ 6ന് കാട്ടുപന്നി ഇറച്ചി ബൈക്കില്‍ കടത്തിക്കൊണ്ടുപോയപ്പോള്‍ ഇലവുപാലം ഭാഗത്ത് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ച് ബൈക്ക് അപകടത്തില്‍പ്പെട്ടു. തുടര്‍ച്ച് ഇറച്ചിയും ബൈക്കിലുണ്ടായിരുന്ന മരുതാമല അടിപ്പറമ്പില്‍ കുന്നിന്‍പുറം വീട്ടില്‍ കെ. സുനില്‍ എന്ന ആളെയും കടയ്ക്കല്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതിനകം ബൈക്ക് ഓടിച്ച പ്രശാന്ത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. കടയ്ക്കല്‍ പൊലിസ് അറിയിച്ചതനുസരിച്ച് പാലോട് ഫോറസ്റ്റ് റേഞ്ച് സ്റ്റാഫുകള്‍ കടയ്ക്കല്‍ സ്റ്റേഷനില്‍ എത്തുകയും പ്രതിയെയും കാട്ടുപന്നി ഇറച്ചിയെയും വാഹനത്തെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പാലോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിതുര പ്രശാന്ത് ഭവനില്‍ പ്രശാന്തിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ പാലോട് പച്ചമല അരുണ്‍ ഭവനില്‍ മധുവും മുള്ളുവേങ്ങമൂട് മണ്ണൂര്‍ക്കോണം വിനോദ് എന്നയാളാണ് പടക്കംവച്ച് കാട്ടുപന്നിയെ പിടികൂടിയതെന്ന് തെളിഞ്ഞു.
പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.വി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അരിപ്പ ഭാഗത്ത് വച്ചു മധുവിനെ ഇയാള്‍ ഓടിച്ച വാഹനം ഉള്‍പ്പെടെ പിടികൂടി. തുടര്‍ന്ന് നന്ദിയോട് വച്ച് വിനോദിനെയും സംഘം കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ മധു, വിനോദ്, പ്രശാന്ത്, സുനില്‍ എന്നിവരെ നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എസ്.വി വിനോദ്, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറായ അജികുമാര്‍ ടി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ ഷിജു എസ്.വി നായര്‍, എം. നജിമുദ്ദീന്‍, ശ്രീസദന്‍, മണികണ്ഠന്‍ നായര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അജിത്കുമാര്‍, അനില്‍ചന്ദ്രന്‍, ജിജിമോന്‍, വി. വിജു, ബാബു, ദീപക്ക്, വാച്ചര്‍മാരായ പ്രസന്നകുമാര്‍, വിക്രമന്‍, ശാന്തകുമാര്‍, മോഹന്‍ദാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."