തലയോലപ്പറമ്പില്‍ കണ്ടെത്തിയ എല്ലിന്‍ കഷ്ണങ്ങള്‍ മനുഷ്യന്റേതല്ലെന്ന് ഫോറന്‍സിക് സ്ഥിരീകരണം
തലയോപ്പറമ്പ് : തലയോലപ്പറമ്പില്‍ കണ്ടെത്തിയ എല്ലിന്‍ കഷണങ്ങള്‍ മനുഷ്യന്റേതല്ലെന്ന് ഫോറന്‍സിക് സ്ഥിരീകരണം.
സ്വകാര്യ പണമിടപാടുകാരനെ എട്ടുവര്‍ഷം മുമ്പ് കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ പൊലിസ് അന്വേഷണത്തിനിടെയാണ് പ്രതി മൃതദേഹം കുഴിച്ചിട്ടതായി മൊഴിനല്‍കിയ കെട്ടിടത്തിന് അടുത്തുള്ള പറമ്പില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇവ മനുഷ്യന്റേതല്ലെന്ന് പിന്നീട് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി.
തലയോലപ്പറമ്പിലെ രണ്ടുനിലക്കെട്ടിടത്തിനുള്ളില്‍ തറകുഴിച്ച് നടത്തുന്ന പരിശോധനകള്‍ തുടരുന്നതിനിടെയാണ് അടുത്തുള്ള പറമ്പില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ പൊലിസിന് ലഭിച്ചത്. പിന്നീട് പൊലിസ് അസ്ഥികള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ സ്ഥലത്തെ വാട്ടര്‍ടാങ്ക് പൊളിച്ച് മണ്ണെടുത്തത് അടുത്തുള്ള പറമ്പിലേക്ക് നീക്കിയതായി സ്ഥലം ഉടമ വ്യക്തമാക്കി. കെട്ടിടനിര്‍മ്മാണ സമയം സ്ഥലത്തുനിന്ന് മണ്ണ് പലയിടങ്ങളിലേക്കും മാറ്റിയിട്ടുണ്ടെന്നും അവ പരിശോധനയുടെ പരിധിയില്‍ വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെജി സൈമണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്ഥലത്ത് പഴയ കെട്ടിടം സ്ഥിതി ചെയ്ത പ്രദേശത്താണ് പ്രതിയായ അനീഷ് കൊലപാതകത്തിന് ശേഷം മാത്യുവിന്റെ മൃതദേഹം മറവ് ചെയ്തത്. ഇവിടെ പുതിയ കെട്ടിടമാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണ സമയത്ത് വാനം മാന്തിയപ്പോള്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ജോലിക്കാര്‍ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാതെ ഇവ മണ്ണിട്ടുമൂടുകയാണെന്നും സൂചനകളുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പോലീസിനും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
തെളിവുകളുടെ അഭാവത്തിലും കേസ് നിലനില്‍ക്കുമെന്നും അന്വേഷണം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാനാകുമെന്നും എസ്പി പറഞ്ഞു. എട്ടുവര്‍ഷം മുമ്പ് പണമിടപാടിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെതുടര്‍ന്നാണ് പ്രതി അനീഷ് തലയോലപ്പറമ്പ് സ്വദേശിയായ മാത്യുവിനെ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസ് നിഗമനം. അനീഷിന്റെ അച്ഛന്‍ വാസു മാത്യുവിന്റെ മകളോടു ഫോണിലാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാത്യുവിന്റെ മകള്‍ നൈസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അനീഷ് കുറ്റം സമ്മതിച്ചത്.
2008 നവംബറില്‍ മാത്യുവിനെ കാണ്‍മാനില്ലെന്ന ബന്ധുക്കളുടെ പരാതി തലയോലപ്പറമ്പ് പൊലിസില്‍ കേസായി നിലനില്‍ക്കുന്നുമുണ്ട്. കെട്ടിടത്തിന് അടുത്തുള്ള പറമ്പില്‍ നിന്നും ലഭിച്ച എല്ലിന്‍ കഷണങ്ങള്‍ നിര്‍ണ്ണായക തെളിവായേക്കാമെന്ന പോലീസ് നിഗമനത്തിനേറ്റ തിരിച്ചടിയാണ് ഫോറൻസിക് സ്ഥിരീകരണം
മൃതദേഹം കുഴിച്ചിടുന്ന സമയത്ത് പരിസരത്തെ ഒരു പുരയിടമാണ് അടയാളമായി കണ്ടതെന്ന് അനീഷ് പൊലിസിനോട് മെഴി നല്‍കിയിരുന്നു. കെട്ടിടത്തിനു സമീപത്തുള്ള പ്രദേശത്ത് പൊലിസ് തെരച്ചില്‍ തുടരുകയാണ്. കോട്ടയം എസ്.പി: കെ.ജി. സൈമണ്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ജിനദേവന്‍, വിരലടയാള വിദഗ്ധരായ ശ്രീജ എസ്. നായര്‍, ജാന്‍സി ജോര്‍ജ്, വൈക്കം സി.ഐ: വി.എസ്. നവാസ്, തലയോലപ്പറമ്പ് എസ്.ഐ. ഫിറോസ്, വൈക്കം എസ്.ഐ: എം. സാഹില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."