കര്‍ഷകര്‍ക്ക് കണ്ണീരിന്റെ വിളവെടുപ്പ്
സുല്‍ത്താന്‍ ബത്തേരി: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നെല്‍കൃഷിയിറക്കിയ വനയോര കര്‍ഷകര്‍ക്ക് ഇത്തവണത്തെ വിളവെടുപ്പ് കണ്ണീരിന്റെത്. നൂല്‍പ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലെ നെല്‍കര്‍ഷകര്‍ക്കാണ് വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ ഇരുട്ടടിയായിരിക്കുകയാണ്. കൃഷിയിറക്കുന്ന സമയത്ത് വെള്ളമില്ലാത്തതിനാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. കൂടാതെ ആന, മാന്‍, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളില്‍ നിന്നും രാത്രി ഉറക്കമൊഴിച്ച് കാവലിരുന്നാണ് കര്‍ഷകര്‍ വിള സംരക്ഷിച്ചത്.
എന്നാല്‍ കാവല്ക്കാരുടെ കണ്ണ് വെട്ടിച്ച് കൃഷിയിടത്തിലിറങ്ങിയ വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷിനാശമാണ് വരുത്തിയത്. ഇതിനു പുറമെ മഴയില്ലാതെ ഈ വര്‍ഷം നെല്ല് കഠിനമായ വെയിലില്‍ ഉണങ്ങി നശിക്കുക കൂടി ചെയ്തതോടെ കര്‍ഷകരുടെ ദുരിതം ഇരട്ടിയായി. ഇതെല്ലാം അതിജീവിച്ച് ബാക്കിയുള്ള നെല്‍കൃഷി വിളവെടുക്കാനായപ്പോള്‍ അപത്രീക്ഷമായി ഉണ്ടായ മഴയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ദുരിതമായിരിക്കുന്നത്. പരമ്പരാഗതമായി നെല്‍കൃഷി ചെയ്തുവന്നിരുന്നവര്‍ ഇത്തവണ പലിശക്ക് പണം കടംവാങ്ങിയും ബാങ്കില്‍ നിന്ന് വായ്പയെടുത്തുമാണ് കൃഷിയിറക്കിയത്. ഇത്തരത്തില്‍ കൃഷിനാശവും ഇപ്പോള്‍ വിളവെടുക്കാന്‍ പറ്റാതായതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍. പലകര്‍ഷകരും കൊയ്തെടുത്ത നെല്ല് വാരാന്‍ പറ്റാതെ വയലില്‍ തന്നെ കിടക്കുകയാണ്. മറ്റ് പലകര്‍ഷകര്‍ക്കും മഴകാരണം കൊയ്യാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. വാടക നല്കി എത്തിച്ച കൊയ്ത്ത് യന്ത്രം പാടത്ത് നില്‍ക്കുകയാണ്. കൊയ്തിട്ട നെല്ല് വാരാന്‍ കഴിയാതെ നെല്മണികള് മുളച്ചാല്‍ വില്‍ക്കാനോ അരിയായി ഉപയോഗിക്കാനോ കഴിയില്ല. ഈ സാഹചര്യത്തില്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായമുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പുല്‍പ്പള്ളി: വനാതിര്‍ത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ മാത്രം രൂക്ഷമായിരുന്ന വന്യമൃഗശല്യം വനത്തിന് പുറത്തുള്ള കൃഷിയിടങ്ങളിലേക്കും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം കാപ്പിക്കുന്നിലെ കൃഷിയിടത്തിലെത്തിയ കാട്ടാനകള്‍ കൊയ്തിട്ട നെല്ല് നശിപ്പിച്ചു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നെല്ല് കൊയ്തെങ്കിലും മഴയെത്തിയതോടെ വയലില്‍ തന്നെ കെട്ടിവെക്കുകയായിരുന്നു.
ഇതാണ് കാട്ടാനകള്‍ തിന്നും ചവിട്ടിയും നശിപ്പിച്ചത്. താഴെക്കാപ്പ് കാക്കിയെന്ന ആദിവാസിയുടെ നെല്ലും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി കര്‍ഷകരുടെ നെല്‍കൃഷിയും കപ്പ കൃഷിയും കാട്ടാനകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നശിപ്പിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ വനാതിര്‍ത്തിയില്‍ യാതൊരുവിധ പ്രതിരോധവുമില്ലാത്തതിനാലാണ് കാട്ടാനകള്‍ക്ക് സ്വതന്ത്രമായി കൃഷിയിടങ്ങളില്‍ കടക്കാന്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."