ആലത്തൂര്‍ എസ്റ്റേറ്റ്: പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് പൂഴ്ത്തി
കാട്ടിക്കുളം: മാനന്തവാടി താലൂക്കിലെ തൃശിലേരി വില്ലേജില്‍പ്പെട്ട കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് ഭരണതലത്തില്‍ പൂഴ്ത്തി. 1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം പ്രകാരം എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനു സത്വരനടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന നിര്‍ദേശം നല്‍കി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2013 ഡിസംബര്‍ 30ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ കത്താണ് പൂഴ്ത്തിയത്.
ആലത്തൂര്‍ എസ്റ്റേറ്റ് എസ്ചീറ്റ് ആന്‍ഡ് ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരംഏറ്റെടുക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവോ നിര്‍ദേശമോ ഇല്ലെന്നാണ് കട്ടിക്കുളത്തെ പൊതുപ്രവര്‍ത്തകന്‍ ബെന്നി വര്‍ഗീസിന്റെ വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിനു 2016 സെപ്റ്റംബര്‍ എട്ടിന് വയനാട് കലക്ടറേറ്റില്‍നിന്നു നല്‍കിയ മറുപടിയില്‍. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2013ലെ കത്ത് ആസൂത്രിതമായി മുക്കിയതാണ് കലക്ടറേറ്റില്‍നിന്നു ഇത്തരത്തില്‍ മറുപടി ലഭിച്ചതിനു ഇടയാക്കിയതെന്ന് വ്യക്തം. വിദേശപൗരനായ എഡ്‌വിന്‍ ജുബര്‍ട്ട് വാന്‍ ഇങ്കന്‍ കൈവശംവച്ച് അനുഭവിച്ചുവന്നിരുന്നതാണ് ആലത്തൂര്‍ എസ്റ്റേറ്റ്. 253 ഏക്കര്‍ വരുന്ന ഈ കാപ്പിത്തോട്ടത്തില്‍ 33.5 ഏക്കര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ 2005ല്‍ കോഴിക്കോടുള്ള ലോഡ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് ടൂറിസം കമ്പനിക്ക് വിറ്റതാണ്.
ബാക്കി 220 ഏക്കര്‍ അവകാശികളില്ലാതെ 2013 മാര്‍ച്ചില്‍ മരിച്ച വാന്‍ ഇങ്കന്റെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിന്റെ കൈവശത്തിലാണ്. 2006 ഫെബ്രുവരി രണ്ടിന് മാനന്തവാടി സബ്‌രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 2672006 നമ്പര്‍ ദാനാധാരം അനുസരിച്ചാണ് ഭൂമി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിന്റെ കൈവശത്തിലെത്തിയത്. അവകാശികളില്ലാതെ മരിക്കുന്ന വിദേശപൗരന്റെ സ്വത്ത് രാജ്യത്തെ നിയമം അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതാണ്. നിയമത്തിന്റെ ചുവടുപിടിച്ച് ആലത്തൂര്‍ എസ്റ്റേറ്റ് അന്യംനില്‍പ്പ് വസ്തുവായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് മാനന്തവാടി സബ്കലക്ടര്‍ 2013 സെപ്റ്റംബര്‍ ഒന്‍പതിനു ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഭൂമിയുടെ രേഖകള്‍ പരിശോധിച്ചും ജുബര്‍ട്ട് വാന്‍ ഇങ്കന്റെ സഹോദരന്‍ ബോത്താവാന്‍ ഇളയ മകനും തിരുനെല്ലിയിലെ ബ്രഹ്മഗിരി ബി എസ്റ്റേറ്റ് ഉടമയുമായ മൈക്കിള്‍ വാന്‍ ഇങ്കന്‍, മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ എന്നിവരെ വിചാരണ ചെയ്തും ശേഖരിച്ച വിവരം ഉള്‍പ്പെടുത്തിയാണ് സബ്കലക്ടര്‍ കത്ത് തയാറാക്കിയത്.
ജുബര്‍ട്ട് വാന്‍ ഇങ്കന്‍ ആലത്തൂര്‍ എസ്റ്റേറ്റ് മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിനു ദാനാധാരം ചെയ്തു നല്‍കിയത് പ്രലോഭനത്തിനോ ഭീഷണിക്കോ വഴങ്ങിയാണെന്ന് മൈക്കിള്‍ വാന്‍ ഇങ്കന്‍ സബ്കലക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. ജുബര്‍ട്ട് വാന്‍ ഇങ്കനെ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ വീട്ടുതടങ്കലിലാക്കിയെന്നും മൈക്കിള്‍ വാന്‍ ഇങ്കന്റെ മൊഴിയിലുണ്ട്. 2011 നവംബര്‍ ഒന്നിനായിരുന്നു മൈക്കിള്‍ വാന്‍ ഇങ്കന്റെ വിചാരണ. നടപടിക്രമങ്ങളുടെ ഭാഗമായി സബ്കലക്ടര്‍ വിചാരണ ചെയ്തപ്പോള്‍ ദാനാധാരത്തിന്റെയും ദത്തെടുപ്പ് രേഖയുടേയും ഒറിജിനലിനു പകരം ഫോട്ടോ കോപ്പികളാണ് മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ ഹാജരാക്കിയത്.
രേഖകള്‍ അനുസരിച്ച ദാനാധാരം 2006 ഫെബ്രുവരി ഒന്നിനും ദത്തെടുപ്പ് 2007 ഒക്‌ടോബര്‍ 10നുമാണ് നടന്നത്. കലക്ടര്‍ക്കുള്ള കത്തില്‍ ഈ വൈരുദ്ധ്യവും സബ്കലക്ടര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിനെതിരെ മരണപ്പെടുന്നതിന്റെ തലേന്ന് ജുബര്‍ട്ട് വാന്‍ ഇങ്കന്‍ മൈസൂരു നസര്‍ബാദ് പൊലിസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 403, 409, 420, 464 വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നു. ജുബര്‍ട്ട് വാന്‍ ഇങ്കന്റെ മരണശേഷം മൈസൂരുവില്‍ അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കള്‍ കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ മേലന്വേഷണം നടത്തി ആലത്തൂര്‍ എസ്റ്റേറ്റ് കേരള എസ്ചീറ്റ്‌സ് ആന്‍ഡ് ഫോര്‍ ഫിച്ചര്‍ ആക്ടിലെ ഒന്ന്, രണ്ട് അധ്യായങ്ങള്‍ക്ക് വിധേയമായി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാമോ എന്ന് പരിശോധിക്കാവുന്നതാണെന്നും ഭൂമിയുടെ നികുതി സ്വീകരിക്കുന്നതും കൈവശാവകാശ രേഖയും മറ്റും അനുവദിക്കുന്നതും നിര്‍ത്തിവെക്കാവുന്നതാണെന്നും സബ്കലക്ടര്‍ മേലധികാരിയെ അറിയിച്ചതാണ്. എന്നാല്‍ തുടര്‍നടപടികള്‍ വൈകുകയാണുണ്ടായത്. ആലത്തൂര്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഇതിനായി ചുമതലപ്പെടുത്തിയ ഡപ്യൂട്ടി കലക്ടര്‍ ഈയിടെയാണ് സര്‍ക്കാരിനു സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."