ഭിക്ഷാടനം: 22 പേരെ പിടികൂടി
പെരുമ്പാവൂര്‍: ഭിക്ഷാടന മാഫിയക്കും കുട്ടികളെ തട്ടികൊണ്ട് പോകുന്നതിനെതിരെയും ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനത്ത് ആദ്യമായി രൂപംകൊണ്ട സോഷ്യല്‍ മീഡിയ കൂട്ടായ്മ പെരുമ്പാവൂരില്‍ നടത്തിയ റെയ്ഡില്‍ 22 പേരെ പിടികൂടി.
കൂട്ടായ്മ നഗരസഭയുടെയും തെരുവോര പ്രവര്‍ത്തക അസോസിയേഷന്റെയും സഹകരണത്തോടെയാണ് പൊലിസ് സാന്നിധ്യത്തില്‍ നഗരത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ട റെയ്ഡ് നടത്തിയത്. രാത്രി എട്ടിന് ആരംഭിച്ച പരിശോധന വെളുപ്പിന് ഒരു മണിക്കാണ് അവസാനിച്ചത്. പ്രൈവറ്റ് സ്റ്റാന്റുകളുടെ പരിസരം, താലൂക്കാസ്പത്രിക്ക് സമീപത്തെ കെട്ടിടം, മുനിസിപ്പല്‍ കെട്ടിടങ്ങളുടെ സമീപത്തെ കടതിണ്ണകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് സ്ത്രീകളും പുരുഷന്‍മാരുമടക്കം 22 പേരെയും കൂട്ടായ്മ പ്രവര്‍ത്തകര്‍ പിടികൂടിയത്. പിടികൂടിയവരെ തെരുവോര പ്രവര്‍ത്തക അസോസിയേഷന്‍ സെക്രട്ടറി തെരുവോരം മുരുകന്റെ നേതൃത്വത്തില്‍ സാമൂഹിക നീതിവകുപ്പിന്റെ കീഴിലുള്ള കാക്കനാട്ടെ തെരുവുവെളിച്ചം എന്ന സ്ഥാപനത്തിലേക്കും, കൂവപ്പടി അഭയ ഭവനിലേക്കും മാറ്റി.
ഭിക്ഷാടന മാഫിയ സംഘം കുട്ടികളെ തട്ടികൊണ്ടുപോകുന്നുവെന്ന വാര്‍ത്ത വ്യാപകമായതോടെയാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയ കൂട്ടായ്മക്ക് രൂപംകൊടുത്തതെന്ന് മുഖ്യ സംഘാടകനായ യൂസഫ് അന്‍സാരി പറഞ്ഞു. റെയ്ഡ് ഇനിയും തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.
മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍, പ്രതിപക്ഷ നേതാവ് ബിജുജോണ്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മൂത്തേടന്‍, തെരുവോരം മുരുകന്‍, സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരായ യൂസഫ് അന്‍സാരി, എല്‍ദോ ബാബു വട്ടക്കാവില്‍, കെ.ഇ നൗഷാദ്, പി.എം അസീസ്, നെല്‍സന്‍ പനക്കല്‍, ജബ്ബാര്‍ വാത്തേലി എന്നിവര്‍ നേതൃത്വം നല്‍കി. പ്രൈവറ്റ് സ്റ്റാന്റിലെ കച്ചവടക്കാരും ബസ് ജീവനക്കാരുമടക്കം നൂറുകണക്കിനാളുകളാണ് റെയ്ഡില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."