വര്‍ഗീയതയ്ക്ക് തിടംവയ്ക്കുന്ന 'രാജ്യസ്‌നേഹ'വും കള്ളപ്പണവേട്ടയും
സിനിമാശാലകളില്‍ പ്രദര്‍ശനത്തിനുമുമ്പ് ദേശീയഗാനാലാപനം നിര്‍ബന്ധമായും നടത്തണമെന്ന സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നു പൊതുസമൂഹത്തിനുനേരേ ദേശഭക്തി അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുകയാണു സംഘ്പരിവാര്‍. ബ്രിട്ടിഷ് രാജാവിനെ പുകഴ്ത്തുകയാണെന്ന് ആരോപിച്ച് അടുത്തകാലംവരെ ദേശീയഗാനത്തെ അധിക്ഷേപിച്ചവരാണ് ഇപ്പോള്‍ രാജ്യസ്‌നേഹത്തിന്റെ പേരില്‍ അതിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
ദേശഭക്തി അടിച്ചേല്‍പിക്കുന്നതിന്റെ അനുരണനങ്ങള്‍ കേരളത്തിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ദേശീയഗാനം സിനിമാഹാളില്‍ നിര്‍ബന്ധമാക്കിയ സുപ്രിംകോടതി, കോടതിനടപടികള്‍ ആരംഭിക്കുംമുന്‍പു ദേശീയഗാനാലാപനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളുകയും ചെയ്തു. നേരത്തേയുള്ള സുപ്രിംകോടതി വിധിക്കു വിരുദ്ധവുമാണ് ഇപ്പോഴത്തെ വിധി.
മതവിശ്വാസത്തിന് എതിരാണെങ്കില്‍ ദേശീയഗാനം ആലപിക്കേണ്ടതില്ലെന്നു 1986 ല്‍ ഡിജോ ഇമ്മാനുവല്‍ കേസില്‍ സുപ്രിംകോടതി ഉത്തരവിട്ടതാണ്. ഭരണഘടനയുടെ 25 ാം വകുപ്പായ വിശ്വാസസ്വാതന്ത്ര്യത്തെ വ്യാഖ്യാനിച്ച് യഹോവ സാക്ഷികള്‍ക്ക് അനുകൂലമായിട്ടായിരുന്നു വിധി. അത്തരമൊരു വിധിയുണ്ടായിരിക്കെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായമുള്ളവരും ദേശീയതയെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും വ്യത്യസ്തമായ വീക്ഷണമുള്ളവരും, ദേശീയഗാനം സിനിമാ ഹാളില്‍ മുഴങ്ങുമ്പോള്‍ ആദരസൂചകമായി നിര്‍ബന്ധമായും എഴുന്നേറ്റു നില്‍ക്കണമെന്നു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല.
തിരുവനന്തപുരത്ത് ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ ചൂണ്ടിക്കാണിച്ചു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരാതി നല്‍കിയ ഉടനെ പൊലിസ് 'കുറ്റവാളി'കളെ അറസ്റ്റുചെയ്തു കേസെടുത്തു. അതേസമയം, ദേശീയഗാനാലാപനത്തെ സംബന്ധിച്ചുണ്ടായ സുപ്രിംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂരിലെ ഫിലിം സൊസൈറ്റി ഹരജി നല്‍കിയതിനെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീടിനു മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചപ്പോള്‍ പൊലിസ് നിശബ്ദം നോക്കിനില്‍ക്കുകയും ചെയ്തു.
കൊടിഞ്ഞിയില്‍ ഫൈസല്‍ കൊലക്കേസിലെ പ്രതികളെ കണ്ടെത്തുന്നതില്‍ പൊലിസ് കുറ്റകരമായ അനാസ്ഥയാണു തുടരുന്നത്. ഒന്നോ രണ്ടോ പേരെ കസ്റ്റഡിയിലെടുത്തു പ്രശ്‌നത്തെ ശീതീകരിച്ചുനിര്‍ത്തുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ മൃദുഹിന്ദുത്വം പുലര്‍ത്തുന്നുവെന്നും വര്‍ഗീയതവളര്‍ത്തുന്നുവെന്നും ആക്ഷേപിച്ച് മതേതര ജനാധിപത്യവിശ്വാസികളുടെ വോട്ടുവാങ്ങിയാണു പ്രതിപക്ഷം അധികാരത്തില്‍ വന്നത്. കേന്ദ്ര ഭരണം നല്‍കുന്ന സുരക്ഷിതത്വത്തിന്റെ ഹുങ്കില്‍ കേരളത്തില്‍ വര്‍ഗീയതവളര്‍ത്താന്‍ ശ്രമിക്കുന്ന സംഘ്പരിവാറിനെ നിലയ്ക്കുനിര്‍ത്തേണ്ട ബാധ്യതയില്‍നിന്നാണു വര്‍ഗീയതയ്‌ക്കെതിരേ വോട്ടു വാങ്ങി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നത്.
കള്ളപ്പണവേട്ടയുടെ പേരില്‍ രാജ്യത്ത് നടന്ന റെയ്ഡുകളില്‍ ഭൂരിപക്ഷവും പിടിക്കപ്പെട്ടതു സംഘ്പരിവാര്‍ സഹയാത്രികരില്‍നിന്നാണ്. 2000 ത്തിന്റെ വന്‍ശേഖരങ്ങളാണ് ഇവരില്‍നിന്നും കണ്ടെടുക്കപ്പെട്ടത്. മുന്‍ കര്‍ണാടക ബി.ജെ.പി മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ കല്യാണത്തിന് 500 കോടിയാണ് ധൂര്‍ത്തടിച്ചത്. ഇതില്‍ 100 കോടി കള്ളപ്പണം വെളുപ്പിച്ചെന്നു വെളിപ്പെടുത്തിയ ഡ്രൈവര്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ വിഷം കഴിച്ചു മരിച്ചു.
നോട്ടുമരവിപ്പിക്കലിലൂടെ സഹയാത്രികരായ കോടീശ്വരന്മാരെ കൂടുതല്‍ ധനവാന്മാരാക്കുകയും തങ്ങള്‍ക്കു താല്‍പര്യമില്ലാത്തവരെ ദരിദ്രരാക്കി മാറ്റിനിര്‍ത്തുകയും ചെയ്യുന്ന സംഭവമാണ് ഇപ്പോള്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വ്യാജ രാജ്യസ്‌നേഹത്തിന്റെയും കള്ളപ്പണത്തിന്റെയും പേരില്‍ സര്‍ക്കാര്‍ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."