വിഷ്ണു വധക്കേസ് 13 ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: സി.പി.എം പ്രവര്ത്തകന് കൈതമുക്ക് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13 ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതികളായ കൈതമുക്ക് സ്വദേശി സന്തോഷ്, മനോജ് എന്ന കക്കോട്ട് മനോജ്, ബിജുകുമാര്‍, ഹരിലാല്‍,രഞ്ജിത്കുമാര്‍,ബാലുമഹേന്ദ്രന്‍,ബിബിന്‍,സതീഷ്,ബോസ്,വിനോദ്കുമാര്‍,സുഭാഷ്,സതീഷ്, ശിവലാല്‍ എന്നിവരാണ് കുറ്റക്കാര്‍. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. 16-ാം പ്രതി അരുണ്‍ കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.
സി.പി.എം വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനുള്ള സൗകര്യം ഒരുക്കിയെന്നായിരുന്നു 16-ാം പ്രതി അരുണ്‍കുമാറിനെതിരേയുള്ള കേസ്. ഇയാളെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ മൂന്നാംപ്രതി രഞ്ജിത് നേരത്തെ കൊല്ലപ്പെട്ടിരുന്നു. 14-ാം പ്രതിയായ ആസാം അനി ഒളിവിലാണ്.
2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്പോര്‍ട്ട് ഓഫിസിനുമുന്നില്‍വച്ച് ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടി കൊലപ്പെടുത്തിയത്. പാസ്പോര്‍ട്ട് ഓഫീസിന് സമീപം വിഷ്ണുവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വി.വി അസോസിയേറ്റ്സിലേക്ക് വരുംവഴിയാണ് സംഭവം. ആര്.എസ്.എസ് ,സി.പി.എം രാഷ്ട്രീയവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പ്രോസിക്യൂഷന് കേസ്.
ശംഖുമുഖം അസിസ്റ്റന്റ് പോലിസ് കമ്മിഷണറായിരുന്ന പി രഘുനാഥ്, വഞ്ചിയൂര്‍ എസ് ഐ സി. മോഹനന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വട്ടപ്പാറ വി.സാജന് പ്രസാദ് ഹാജരായി.
പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിധി പ്രസ്താവം നടക്കുന്ന ഇന്ന് കോടതിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ പൊലിസ് സജ്ജമാക്കിയിട്ടുണ്ട്.
ഏഴുമാസം കൊണ്ടാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."