മൂര്‍ച്ച കൂട്ടാന്‍ സംഘ്പരിവാര്‍ ദേശീയ നേതാക്കളും കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയത്തിന് തീപിടിക്കുന്നു
കണ്ണൂര്‍: ഒരിടവേളയ്ക്കു ശേഷം കണ്ണൂരിലെ അക്രമരാഷ്ട്രീയം ദേശീയ, സംസ്ഥാനതലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതായി വ്യക്തമായ വോട്ടെണ്ണല്‍ ദിവസം ഉച്ചയ്ക്കു ശേഷം ആരംഭിച്ച അക്രമങ്ങള്‍ ഇനിയും ജില്ലയില്‍ അടങ്ങിയിട്ടില്ല.
ഇതിനിടയിലാണ് ബി.ജെ.പി-സി.പി.എം ദേശീയ സംസ്ഥാന നേതാക്കള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകളുമായി കളംനിറയുന്നത്.
സി.പി.എം അക്രമം നിര്‍ത്തിയില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നും ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്നുമാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞദിവസം പറഞ്ഞത്. കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിതാഷായും സി.പി.എമ്മിനെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
എന്നാല്‍ സി.പി.എമ്മിനെതിരേ ഭീഷണി വേണ്ടെന്നും പാര്‍ട്ടി ഇത്തരം ഭീഷണി നേരിടുന്നത് ആദ്യമല്ലെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.
ബി.ജെ.പി തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നാണ് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. പിണറായി ഗ്രാമത്തിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കാനാകുമോയെന്ന് ബി.ജെ.പി നേതാവ് സീതാറാം യെച്ചൂരിയെ വെല്ലുവിളിക്കുകയും ചെയ്തു.
ഇരുപാര്‍ട്ടികളുടെയും കേന്ദ്ര, സംസ്ഥാന നേതാക്കള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയതോടെ കണ്ണൂര്‍ വീണ്ടും കൊലക്കളമാകുമെന്ന ആശങ്കയിലാണ് സാധാരണ ജനങ്ങള്‍.
വോട്ടെണ്ണല്‍ ദിവസം ഉച്ചയ്ക്കു ശേഷം സി.പി.എം ആഹ്ലാദപ്രകടനത്തിനു നേരെ നടന്ന ബോംബേറിലും അക്രമത്തിലും ഒരു സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചിരുന്നു.
അതിനുപിന്നാലെ എരഞ്ഞോളിയില്‍ ബി.എം.എസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പിച്ചു. തലയ്ക്കും കൈക്കും കാലിനും വെട്ടേറ്റ് ഗുരുതരുവസ്ഥയില്‍ ഇയാള്‍ ചികിത്സയിലാണ്.
തുടര്‍ന്ന് ഇരുപാര്‍ട്ടികളുടെയും വിവിധ ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ തലശേരി കാപ്പുമ്മലിലും ബി.ജെ.പി പ്രവര്‍ത്തകന്റെ മില്‍മ ബൂത്തും ഒരു ജീപ്പും തകര്‍ക്കപ്പെട്ടു.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്ന സമയത്തു പോലും ബി.ജെ.പി-സി.പി.എം പാര്‍ട്ടികള്‍ തമ്മില്‍ അക്രമം നടക്കുന്നത് ഒഴിവാക്കാന്‍ പൊലിസ് എന്തു നിലപാട് സ്വീകരിക്കുവെന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."