സംരഭകത്വ പരിശീലനത്തിനു സംഘാടക സമിതിയായി
തളിപ്പറമ്പ്: ജയിംസ് മാത്യു എം.എല്‍.എ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ സംരഭകത്വ അവബോധ പരിശീലനത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. പരിശീലനം ജനുവരി 16 മുതല്‍ 25 വരെ മാങ്ങാട് ഗവ.എന്‍ജിനിയറിങ് കോളജില്‍ നടക്കും. നിയോജക മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി. മുഴുവന്‍ കുടുംബങ്ങളുടെയും സാമൂഹ്യ നീതിയും സാമ്പത്തിക വികസനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്തിനാകെ മാതൃകയാകും. ഒരു കുടുംബത്തിന് പ്രതിമാസം 15000 രൂപയെങ്കിലും പ്രതിമാസ വരുമാനം ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷി, മൃഗസംരക്ഷണം, മത്സ്യം വളര്‍ത്തല്‍, പുഷ്പ കൃഷി, ഉദ്യാന കൃഷി, ചെറുകിട വ്യവസായം മേഖലയില്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി എല്ലാവിധ പരിശീലനങ്ങളും നല്‍കും. പഞ്ചായത്തില്‍ നിന്ന് ചുരുങ്ങിയത് 2000 പേരെയാണ് ലക്ഷ്യമിടുന്നത്. ഇതിനായി പഞ്ചായത്ത് നഗരസഭാതലങ്ങളില്‍ വിവര ശേഖരണം നടത്തുന്നുണ്ട്. പദ്ധതിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മാങ്ങാട്ട്പറമ്പ് ഗവ.എന്‍ജിനിയറിങ് കോളജില്‍ കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. കില ഡയറക്ടര്‍ പി.പി ബാലന്‍ പദ്ധതി വിശദീകരിച്ചു. പി.കെ ശ്യാമള, ടി.കെ ഗോവിന്ദന്‍, ഇ കുഞ്ഞിരാമന്‍, തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്, ടി ലത, വസന്തകുമാരി, ഐ.വി നാരായണന്‍, എ രാജേഷ്, പി പുഷ്പജന്‍, പി.ടി മാത്യു, കെ ഷാജു, രാമകൃഷ്ണന്‍ സംസാരിച്ചു. ഭാരവാഹികള്‍: ജയിംസ് മാത്യു എം.എല്‍.എ(ചെയര്‍മാന്‍), കെ ദാമോദരന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), പി.കെ ശ്യാമള(കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."