കോണ്‍ഗ്രസിന് ആവേശം പകര്‍ന്ന് ഹക്കീം കുന്നില്‍ ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റു
കാസര്‍കോട്: ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഏഴാമത് പ്രസിഡന്റായി ഹക്കീം കുന്നില്‍ ചുമതലയേറ്റു. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രൗഡോജ്വലമായ ചടങ്ങിലാണ് ഹക്കീമിന്റെ സ്ഥാനാരോഹം നടന്നത്.
ചടങ്ങിന് മുമ്പ് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെയും ഹക്കീം കുന്നിലിനെയും പ്രവര്‍ത്തകര്‍ പരിപാടി നടക്കുന്ന കോണ്‍ഫറന്‍സ് ഹാളിലേക്ക് ആനയിച്ചു. യൂത്ത്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ച പ്ലകാര്‍ഡുമായാണ് പ്രകടനത്തില്‍ പങ്കുചേര്‍ന്നത്. അധികാരമൊഴിഞ്ഞ പ്രസിഡന്റ് സി.കെ ശ്രീധരനില്‍ നിന്നുമാണ് ചുമതലയേറ്റെടുത്തത്.
പരിപാടി വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച നയവുമായി മുന്നോട്ട് പോകണമെന്ന് ഹക്കീമിനോട് സുധീരന്‍ നിര്‍ദേശിച്ചു.
കേന്ദ്രസര്‍വകലാശാലയിലെ പുനരധിവാസ കുടുംബങ്ങളുടെ സമരത്തില്‍ പങ്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കാനും കാസര്‍കോട് പാക്കേജ് നടപ്പിലാക്കുന്നതിന് ശ്രമം നടത്താനും ആദ്യ ദൗത്യമായി സുധീരന്‍ നിര്‍ദേശം നല്‍കി.
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരും പുതുതലമുറയില്‍പ്പെട്ടവരും വേദിയിലും സദസിലും സന്നിഹിതരായിരുന്നു. ചുമതലയേല്‍ക്കുന്നതിനു മുമ്പ് ജില്ലയിലെ രാഷ്ട്രീയ മത സാമൂഹ്യ രംഗത്തെ പ്രമുഖരെ കണ്ട് ഹക്കീം കുന്നില്‍ അനുഗ്രഹം വാങ്ങിയിരുന്നു. ഗുരുക്കന്‍മാരുടെയും പൊതുജനങ്ങളുടെയും പ്രവര്‍ത്തകരുടേയും അനുഗ്രഹത്തിനായ് ഹക്കീം ഫേസ്ബുക്കില്‍ വിശദമായി കുറിച്ചിരുന്നു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.സി പ്രസിഡന്റ് എന്ന പ്രത്യേകതയോടെയാണ് ഹക്കീമിന്റെ വരവ്. യുവത്വം ജില്ലയിലെ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയാണുള്ളത്.
കെ.എസ്.യു ജില്ലാ പ്രസിഡന്റ്, കോഴിക്കോട് യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍, പള്ളിക്കര പഞ്ചായത്ത് അംഗം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹക്കീം നിലവില്‍ യു.ഡി.എഫ് ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി അംഗവും ഡി.സി.സി വൈസ് പ്രസിഡന്റുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."