ഫൈസല്‍വധത്തിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ജനരോഷം
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതികള്‍ക്കെതിരേ ജനരോഷം. പ്രതികളെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണ് നാട്ടുകാര്‍ ബഹളംവച്ചത്. പ്രതികളെ കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു ഇവിടെയെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 2.45നായിരുന്നു തെളിവെടുപ്പ്. പരപ്പനങ്ങാടി കോടതിയില്‍നിന്നു പൊലിസ് കസ്റ്റഡിയില്‍ പ്രതികളെ വിട്ടുനല്‍കിയ വിവരമറിഞ്ഞു രാവിലെതന്നെ തിരൂരങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിസരത്ത് ആളുകള്‍ തടിച്ചുകൂടിയിരുന്നു.
പ്രതികളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ആളുകള്‍ ഒഴുകിയെത്തി. ഫാറൂഖ് നഗറിലും ജനം തടിച്ചുകൂടി. സ്ഥലത്തെത്തിയ എം.എസ്.പിയാണ് ആളുകളെ നിയന്ത്രിച്ചത്.
രണ്ടു ബൈക്കുകളിലായി നാലുപേരെത്തി ഫൈസലിന്റെ ഓട്ടോ തടഞ്ഞുവച്ച ശേഷം കൃത്യം നിര്‍വഹിക്കുകയായിരുന്നെന്നു പ്രതികള്‍ പൊലിസിനോട് പറഞ്ഞു.
ഓരോരുത്തരും നടത്തിയ കൃത്യങ്ങള്‍ മൂന്നു പേരും വിശദീകരിച്ചു. തിരൂര്‍ മംഗലം പുല്ലൂണി സ്വദേശി കാരാട്ടുകടവ് കണക്കന്‍ പ്രജീഷ് എന്ന ബാബു (32), നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശിയും പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (26), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍കാവ് പറമ്പ് ശ്രീകേഷ് എന്ന അപ്പു (26) എന്നീ പ്രതികളെയാണ് ഇന്നലെ തെളിവെടുപ്പിനെത്തിച്ചത്.
മറ്റൊരു മുഖ്യ പ്രതിയെയും പ്രധാന സൂത്രധാരന്‍ തിരൂര്‍ മഠത്തില്‍ നാരായണനെയും പിടികൂടാനുണ്ട്.
ഇവര്‍ ഒളിവിലാണ്. മറ്റു പ്രതികള്‍ വിവിധജയിലുകളില്‍ റിമന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."