പിന്നാക്കക്കാരെ പരിരക്ഷിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
പാലക്കാട്: പിന്നാക്ക വിഭാഗക്കാരുടെ സ്വത്വവും മൂല്യവും പരിരക്ഷിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടന്‍ കലാമേള-ഉത്പന്ന പ്രദര്‍ശന വിപണന മേളയായ ഗദ്ദിക 2016 ഉദ്ഘാടനം വടക്കഞ്ചേരി മംഗലം പാലത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പട്ടികവര്‍ഗക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇത്തരക്കാരെ പൊതുധാരയില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. തനത് കലകള്‍ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും പരമ്പരാഗത ഉത്പന്നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുമാണ് ഗദ്ദിക നടത്തുന്നത്.
ഗദ്ദികയില്‍ കലയും ജീവിതവുമുണ്ട്. കാലത്തെയും കലാസംസ്‌കൃതിയെയുമാണ് ഗദ്ദിക സൂചിപ്പിക്കുന്നത്. ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് പട്ടികജാതി മെഡിക്കല്‍ കോളേജിന് സംസ്ഥാന സര്‍ക്കാര്‍ 310 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ലഭ്യമായ മിച്ചഭൂമിയും പുറമ്പോക്ക്് ഭൂമിയും ഭൂരഹിത കുടുംബങ്ങള്‍ക്ക നല്‍കും. പ്രീമെട്രിക് ഹോസ്റ്റലുകളുടെ നവീകരണത്തിനായി 1.72 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം ഏര്‍പ്പാടാക്കും, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്രയ്ക്കായി ആരംഭിച്ച ഗോത്രസാരഥി പദ്ധതിക്ക് ആറുകോടി രൂപ നല്‍കും. ദളിത് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പ്രത്യേക പരിശീലനം ആരംഭിക്കും. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ കമ്പ്യൂട്ടര്‍ ലാബ്, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
ഹൈസ്‌കൂള്‍ മുതലുള്ള പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി കമ്പ്യൂട്ടര്‍ നല്‍കും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വ്യവസായങ്ങള്‍ തുടങ്ങാന്‍ പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തും. വനവിഭവങ്ങള്‍ ശാസ്ത്രീയമായി ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യും. ഇതിനായി വിപണന കേന്ദ്രങ്ങളും ആരംഭിക്കും. ആദിവാസി കുടുംബത്തിലെ ഒരാള്‍ക്ക് ഈ വിപണന കേന്ദ്രങ്ങളില്‍ തൊഴില്‍ നല്‍കും. ആദിവാസി ഊരുകളില്‍ പ്രത്യേക കാര്‍ഷിക മേഖല വികസന പദ്ധതി ആരംഭിക്കും. ആദിവാസികളുടെ ആരോഗ്യം ഉറപ്പാക്കാന്‍ എല്ലാ മാസവും പ്രത്യേക മെഡിക്കല്‍ സംഘം ഊരുകളില്‍ സന്ദര്‍ശനം നടത്തും. ഇതിനായി പ്രത്യേകം ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസമെന്നത് ആനുകൂല്യവിതരണം മാത്രമല്ല അടിസ്ഥാന വിഭാഗക്കാരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക കൂടിയാണെന്ന് നിയമസാംസ്‌ക്കാരിക പട്ടികജാതി പട്ടികവര്‍ഗ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ പരിപാടികള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് മാറ്റും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 40 കോടി ചിലവില്‍ സാംസ്‌ക്കാരിക സമുച്ചയം പണിയും. ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി -വര്‍ഗ വികസന വകുപ്പുകളും കിര്‍ത്താഡ്‌സും സംയുക്തമായാണ് ഉത്പന്ന പ്രദര്‍ശന-വിപണന മേള-നാടന്‍ കലാമേള 'ഗദ്ദിക 2016' സംഘടിപ്പിക്കുന്നത്. പാലക്കാട് വടക്കഞ്ചേരിയില്‍ മംഗലം പാലത്തിന് സമീപമുള്ള മൈതാനിയില്‍ 2016 ഡിസംബര്‍ 28 വരെയാണ് മേള. മേളയിലെ സ്റ്റാളുകളുടെ ഉദ്ഘാടനം പി.കെ.ബിജു എം.പി നിര്‍വഹിച്ചു. എം.എല്‍.എമാരായ കെ.ഡി. പ്രസേനന്‍, കെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, കേരള സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത, പട്ടികവര്‍ഗ വികസന വകുപ്പ്-കിര്‍ത്താഡ്‌സ് ഡയറക്ടര്‍ പി. പുകഴേന്തി, പട്ടികജാതി വികസന ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, ആലത്തൂര്‍ ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, മുന്‍ എം.എല്‍.എ സി.ടി. കൃഷ്ണന്‍ പങ്കെടുത്തു.
ഉദ്ഘാടന ദിനം സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ കൂറ്റനാട് വാമൊഴി നാടന്‍ കലാസംഘത്തിന്റെ നാടന്‍ പാട്ടുകളും, അരുവി വെള്ളയന്‍കാണിയുടെ നേതൃത്വത്തില്‍ ഇടുക്കി പരമ്പരാഗത നൃത്തസംഘത്തിന്റെ പളിയ നൃത്തം, ജഗദീഷിന്റെ നേതൃത്വത്തില്‍ ഇടുക്കി ഗുമ്മിട്ടാംകുഴി സംഘം അവതരിപ്പിച്ച മലപുലയര്‍ ആട്ടം, കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ നീലേശ്വരം ദ്രാവിഡ കലാസമിതി കാലിച്ചാനടുക്കം അവതരിപ്പിച്ച മുളം ചെണ്ട, എരുത് കളി, കെ.വി.ശ്രീജിത്ത് പണിക്കരുടെ നേതൃത്വത്തില്‍ അഴിക്കോട് പൂതപ്പാറ ശ്രീസദന്‍ അവതരിപ്പിച്ച വിഷ്ണുമൂര്‍ത്തി തെയ്യം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."