നാട്ടുകാര്‍ ഒരുമിച്ചു; സ്‌നേഹവീട് യാഥാര്‍ഥ്യമായി
വെള്ളാങ്ങല്ലൂര്‍: സ്‌നേഹവും കാരുണ്യവും കൈകോര്‍ത്തപ്പോള്‍ സ്വപ്‌ന വീട് യാഥാര്‍ഥ്യമാകുന്നു. നജ്മുന്നീസക്കും മെഹറുന്നീസക്കും കമറുന്നീസക്കും ഇനി സ്‌കൂള്‍ വിട്ടുവന്നാല്‍ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയാം. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ കരൂപ്പടന്ന പള്ളിനടയില്‍ ഏതാനും വര്‍ഷങ്ങളായി വാടകക്ക് താമസിക്കുന്ന വടശ്ശേരി വീട്ടില്‍ നൗഷാദിനും ഭാര്യ കദീജക്കും മക്കള്‍ക്കുമാണ് നാടിന്റെ കൈത്താങ്ങില്‍ സ്വന്തം വീട് ഒരുങ്ങുന്നത്.
കുടുംബനാഥനായ നൗഷാദ് നിത്യരോഗിയായതിനാല്‍ വീട്ടുജോലിയിലൂടെ കദീജക്കു ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഇവരുടെ ഏക ഉപജീവനമാര്‍ഗം. ദീര്‍ഘകാലമായി വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
ഇവര്‍ക്ക് വീട് പണിയുന്നതിനായി കോണത്തുകുന്ന് മാവിന്‍ ചുവട്ടിന് കിഴക്കുഭാഗത്ത് പാല പ്രക്കുന്നില്‍ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത് കലാഭവന്‍ കബീറാണ്. തുടര്‍ന്ന് കരൂപ്പടന്നയിലെ ഏതാനും ചെറുപ്പക്കാര്‍ സ്‌നേഹവീട് പദ്ധതിയുമായി മുന്നോട്ട് വന്നു. നിര്‍മാണ കമ്മിറ്റി രൂപീകരിച്ച് പ്രവാസികള്‍ അടക്കമുള്ള ഉദാരമതികളില്‍ നിന്ന് കരൂപ്പടന്ന കൂട്ടം വാട്ട്‌സ്ആപ്പ് കൂട്ടായ്മ വഴിയും മറ്റും പണം സമാഹരിച്ചു. രണ്ട് മുറികളും അടുക്കളയും ഹാളും ഉള്‍പ്പെടുന്ന വീടിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി വരുന്നു. വൈദ്യുതി കണക്ഷന്‍ കിട്ടാനുള്ള ശ്രമത്തിലാണ്. സ്‌നേഹവീട്ടിലേക്ക് താമസം മാറുന്നതിന്റെ ആഹ്ലാദത്തിലാണ് മൂന്ന് പെണ്‍കുട്ടികളും മാതാപിതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."