കയറ്റിറക്ക് തര്‍ക്കം പരിഹരിച്ചു; റേഷന്‍ വിതരണം സാധാരണനിലയിലേക്ക്
തിരുവനന്തപുരം: എഫ.്‌സി.ഐ ഡിപ്പോ തൊഴിലാളികളുടെ അട്ടിക്കൂലിസമരം ഒത്തുതീര്‍ന്നു. എഫ്.സി.ഐ ഡിപ്പോയില്‍നിന്ന് ധാന്യങ്ങള്‍ കയറ്റുന്നതിനുള്ള പരമാവധി കൂലി 750 രൂപയായി മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ഡിപ്പോകളില്‍നിന്ന് റേഷന്‍ കടകളിലേക്ക് ചരക്ക് നീക്കുന്നതുസംബന്ധിച്ച് തൊഴിലാളികളുമായുണ്ടായ തര്‍ക്കം പരിഹരിക്കപ്പെട്ടു. ട്രേഡ് യൂനിയനുകളും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ ചരക്കുനീക്കം പുനരാരംഭിച്ചു.
എഫ്.സി.ഐയിലെ ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം മന്ത്രിസഭായോഗത്തെ അറിയിച്ചു.
ചര്‍ച്ചയിലെ ധാരണകള്‍ മന്ത്രിസഭ അംഗീകരിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിശ്ചയിച്ച യോഗം ഉപേക്ഷിച്ചു.
രണ്ടുദിവസത്തിനകം റേഷന്‍ സാധനങ്ങള്‍ ഡിപ്പോയില്‍നിന്ന് കടകളിലെത്തും. ഡിസംബറിലെ റേഷന്‍ വിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനാവും. നിലവില്‍ 750 രൂപയില്‍ കുറവ് കൂലി നിലനില്‍ക്കുന്ന ഡിപ്പോകളില്‍ അത് തുടരും. 750 രൂപയില്‍ കൂടുതല്‍ കൂലി വാങ്ങുന്ന സ്ഥലങ്ങളില്‍ അത് 750ലേക്ക് നിജപ്പെടുത്തും. പലയിടത്തും 1500 രൂപ വരെ ഈടാക്കിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് മുന്‍പ് മൊത്തവ്യാപാര ഏജന്‍സികളാണ് എഫ്.സി.ഐ ഡിപ്പോകളില്‍നിന്ന് അരി എടുത്ത് റേഷന്‍ കടകള്‍ക്ക് കൈമാറിയിരുന്നത്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഏജന്‍സികള്‍ക്ക് പകരം സര്‍ക്കാരിനുവേണ്ടി ജില്ലാ സപ്ലൈ ഓഫിസര്‍മാരാണ് ഡിപ്പോകളില്‍നിന്ന് അരിയെടുക്കേണ്ടത്.
കഴിഞ്ഞ രണ്ടു മാസക്കാലമായി എഫ്.സി.ഐ ഡിപ്പോകളിലെ ചുമട്ടുതൊഴിലാളികളുടെ സമരംമൂലം ചില ഡിപ്പോകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുക്കുന്നത് തടസപ്പെട്ടിരുന്നു. ലോഡ് ഒന്നിന് 1200 രൂപ വേണമെന്ന പിടിവാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തോട് ഒടുവില്‍ തൊഴിലാളികള്‍ യോജിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."