സൂപ്പര്‍ കോപ്പ കപ്പ് ഫൈനല്‍ ദോഹയില്‍
ദോഹ: ഇറ്റാലിയാന സൂപ്പര്‍കോപ്പ (ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്) ഫൈനല്‍ നാളെ വൈകീട്ട് അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടക്കും. ഇറ്റാലിയിലെ വമ്പന്‍ ക്ലബ്ബുകളായ, നിലവിലെ ചാംപ്യന്മാരായ യുവന്റസും റണ്ണറപ്പ് ഇന്റര്‍ മിലാനും തമ്മിലാണ് കലാശക്കളിയില്‍ ഏറ്റുമുട്ടുന്നത്.
യുവന്റസിന്റെ 24 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് സൂപ്പര്‍കോപ്പ ഫൈനല്‍ ഖത്തറിലെത്തുന്നത്.
സൂപ്പര്‍ കപ്പ് ഇതിന് മുമ്പ് ഒമ്പതു തവണയാണ് ഇറ്റലിക്ക് പുറത്തു നടന്നിട്ടുള്ളത്. ദോഹയ്ക്കു പുറമേ വാഷിങ്ടണ്‍, ട്രിപ്പോളി, ന്യൂയോര്‍ക്ക്, ബെയ്ജിങ്, ഷാങ്ഹായി എന്നിവിടങ്ങളിലാണ് ഇതിന് മുമ്പ് ഫൈനല്‍ നടന്നത്.
യുവന്റസ് ടീം ചൊവ്വാഴ്ച ഖത്തറിലെത്തി. മിലാനും ചൊവ്വാഴ്ച തന്നെ എത്തേണ്ടതായിരുന്നുവെങ്കിലും വിമാനം 24 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടണ് ഖത്തറിലേക്ക് പുറപ്പെട്ടത്. പരിക്കില്‍ നിന്ന് മോചിതരായ മാര്‍ക്കോ പാക്ക, ആന്‍ഡ്രിയ ബര്സാഗ്്ലി എന്നിവര്‍ ടീമിലുണ്ടാവുമെന്ന് മിലാന് കോച്ച് മസിമിലിയാനോ അലഗ്രി അറിയിച്ചു.
18കാരനായ ലെഫ്റ്റ് ബാക്ക് കോക്കോളോയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. സെന്റര്‍ ബാക്ക് ആന്‍ഡേഴ്സനാണ് മറ്റൊരു ശ്രദ്ധേയ താരം.
യുവന്റസിനെതിരായ പോരാട്ടം എളുപ്പമായിരിക്കില്ലെന്ന് ക്ലോഡിയോ മാര്ഷിസിയോ പറഞ്ഞു. പരുക്കിനെ തുടര്‍ന്ന് യൂറോ 2016ല്‍ കളിക്കാന്‍ കഴിയാതിരുന്ന മാഷിസിയോ ഈയിടെയാണ് കളത്തിലേക്ക് തിരിച്ചെത്തിയത്.
ദോഹയിലെത്താന്‍ വൈകിയത് തങ്ങളുടെ ടീമിനെ ദോഷകരമായി ബാധിക്കുമെന്ന് മിലാന് വൈസ് പ്രസിഡന്റ് അഡ്രിയാനോ ഗലിയാനി പറഞ്ഞു. എതിര് ടീമിന് പ്രാദേശിക സാഹചര്യവുമായി കൂടുതല്‍ ഇണങ്ങാന്‍ അവസരമുണ്ടായിരിക്കുകയാണ്.
ചൊവ്വാഴ്ച എത്തിയ യുവന്റസ് ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ദോഹയിലെത്തിയ മിലാന് ഇന്ന് മാത്രമേ പരിശീലത്തിനിറങ്ങാന് സാധിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."