തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്
ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രാമ മോഹന്‍ റാവുവിന്റെ ഓഫിസും വീടുകളും ഉള്‍പ്പടെ 13 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ സമ്പാദ്യം കണ്ടെടുത്തു. ചെന്നൈയിലെ അണ്ണാനഗറിലെ വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡില്‍ 30 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 5 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തു.
ആന്ധ്രാ പ്രദേശിലുള്ള വീടുകള്‍, ബന്ധുവീടുകള്‍ എന്നിവിടങ്ങളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ ആറോടുകൂടി റെയ്ഡ് നടത്തിയത്. 13 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
ജയലളിതയുടെ പ്രത്യേക താല്‍പര്യപ്രകാരം സീനിയോറിറ്റി മറികടന്ന് കഴിഞ്ഞ ജൂണിലാണ് 58കാരനായ രാമ മോഹന്‍ റാവു തമിഴ്‌നാട് ചീഫ് സെക്രട്ടറിയായത്.
നോട്ട് അസാധുവാക്കലിനു ശേഷം കള്ളപ്പണം കണ്ടെടുക്കാനായി നടത്തിയ റെയ്ഡില്‍ ചെന്നൈയില്‍ 142 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും മറ്റും കണ്ടെടുത്തിരുന്നു.
ഇതേതുടര്‍ന്നുള്ള അന്വേഷണമാണ് ചീഫ് സെക്രട്ടറിയിലേക്ക് എത്തിയത്. ചീഫ് സെക്രട്ടറിക്ക് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുള്ള ശേഖര്‍ റെഡ്ഡിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 10,000 കോടിയിലേറെ രൂപയുടെ സര്‍ക്കാര്‍ കരാര്‍ ജോലികള്‍ ഇയാള്‍ക്ക് നല്‍കി ഇതില്‍ നിന്നും കോടികളുടെ കമ്മിഷന്‍ ചീഫ് സെക്രട്ടറി കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും രണ്ട് കിലോ സ്വര്‍ണവും നിരവധി സ്വത്തുരേഖകളും കണ്ടെടുത്തു.
നേരത്തേ തമിഴ്‌നാട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 106 കോടി രൂപയുടെയും 127 കിലോ സ്വര്‍ണത്തിന്റെയും ഉടമസ്ഥന്‍ ശേഖര്‍ റെഡ്ഡിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായും ഉന്നത ഉദ്യോഗസ്ഥന്‍മാരുമായും ബന്ധമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തിരുപ്പതി ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന ഇയാളെ തല്‍സ്ഥാനത്ത് നിന്ന് ആന്ധപ്രദേശ് മുഖ്യമന്ത്രി നീക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."