ക്രിസ്മസ് കമ്പോള ആക്രമണം; ഐ.എസ് ബന്ധം സ്ഥിരീകരിച്ചു; തുനീസ്യക്കാരനായി അന്വേഷണം
ബര്‍ലിന്‍: ക്രിസ്മസ് കമ്പോളത്തിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ജര്‍മനിയെ ഞെട്ടിച്ച തിങ്കളാഴ്ചത്തെ ബ്രെയിത്സ്‌ഷെഡ്പ്ലാറ്റ്‌സ് കമ്പോളത്തിലെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമം നടത്തിയ ആള്‍ തുനീസ്യയില്‍ നിന്ന് ജര്‍മനിയിലേക്ക് കുടിയേറിയ വ്യക്തിയാണെന്നാണ് പ്രാഥമിക നിഗമനം ഇയാള്‍ക്കായി ജര്‍മന്‍ പോലീസ് രാജ്യം മുഴുക്കേ തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കയാണ്. പോളിഷ് ചരക്കു കടത്തു കമ്പനിയുടെ കീഴിലുള്ള 25 ടണ്‍ ഭാരമുള്ള ലോറിയാണ് അക്രമി ഉപയോഗിച്ചത്. പോളിഷ് വംശജനായ ലോറി ഡ്രൈവറെ ക്യാബിനില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അക്രമത്തിന് ഉപയോഗിച്ച ലോറിയില്‍ നിന്ന് ജര്‍മനിയില്‍ തങ്ങാനുള്ള താല്‍ക്കാലിക പെര്‍മിറ്റ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിലാണ് പ്രതിയെന്ന് സംശയിക്കുന്ന എ അനിസ് എന്ന തുനീസ്യക്കാരന്റെ പേരുള്ളത്. വടക്കന്‍ റൈന്‍ വെസ്റ്റ്ഫാലിയയില്‍ നിന്നാണ് പെര്‍മിറ്റ് നല്‍കിയിരിക്കുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 21നും23നുംഇടയില്‍ പ്രായമുള്ളവരാണ് സംഭവത്തിന്റെ ഉത്തരവാദികളെന്നാണ് നിഗമനം. ഏപ്രില്‍ മാസത്തില്‍ രാജ്യത്തെത്തി അഭയം തേടിയവരാണ് ഭീകരാക്രമണം നടത്തിയതെന്ന് ജര്‍മന്‍ പത്രമായ അള്‍മെയിന്‍സെയ്തുംങ് അഭിപ്രായപ്പെട്ടു. പ്രതിയുടെ കൈവശം ആയുധങ്ങളുണ്ടെന്നു സംശയിക്കുന്നതിനാല്‍ ഏറെ കരുതലോടെയാണ് അന്വേഷണ സംഘം നീങ്ങുന്നത്. ജൂലൈയില്‍ ഫ്രഞ്ച് നഗരമായ നൈസില്‍ ബാസ്റ്റൈല്‍ ദിന ആഘോഷവേളയില്‍ നടത്തിയ സമാനമായ ആക്രമണത്തില്‍ 82 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിലും പ്രതിയായത് ഐ.എസ് ബന്ധമുള്ള തുനീസ്യന്‍ വംശജനായിരുന്നു.
അക്രമത്തില്‍ പങ്കാളികളിയാണെന്ന സംശയത്തില്‍ തിങ്കളാഴ്ച പാക് വംശജനായ അഭയാര്‍ഥി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് തെളിവിന്റെ അഭാവത്തില്‍ വിട്ടയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."