കുടിവെള്ളം മുട്ടി; കേരളം കൊടും വരള്‍ച്ചയിലേക്ക്
തിരുവനന്തപുരം:സംസ്ഥാനം കൊടും വരള്‍ച്ചയുടെ പിടിയില്‍. വരള്‍ച്ചാ പ്രതിരോധം ശക്തമാക്കിയില്ലെങ്കില്‍ അവസ്ഥ പ്രവചനാതീതമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സംസ്ഥാനം വരള്‍ച്ചാ ബാധിതമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് 52 ദിവസം പിന്നിടുമ്പോള്‍ കുടിവെള്ളം കിട്ടാതെ ജീവഹാനി വരെ സംഭവിച്ചേക്കാവുന്ന സ്ഥിതി വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന വടക്കു കിഴക്കന്‍ കാലവര്‍ഷവും കേരളത്തെ കനിഞ്ഞില്ല. 62 ശതമാനം മഴക്കുറവാണുണ്ടായത്. ഇതോടെ വരള്‍ച്ചയുടെ രൂക്ഷത വര്‍ധിച്ചുവെന്ന് ദുരന്ത നിവാരണ അതോറിറ്റി-കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
മൂന്നു സൂചികകളെ അടിസ്ഥാനപ്പെടുത്തി നിര്‍വചിക്കുന്ന ദുരിതാവസ്ഥയാണ് വരള്‍ച്ച. മഴക്കുറവിന്റെ തോത് അനുസരിച്ചാണ് കാലാവസ്ഥാനുബന്ധിയായ വരള്‍ച്ച പ്രവചിക്കുന്നത്. 1881 മുതല്‍ 2000 വരെ കേരളത്തില്‍ 66 മഴക്കുറവ് വര്‍ഷങ്ങള്‍ ഉണ്ടായി. ഇതിനു മുന്‍പ് തീവ്രമായ വരള്‍ച്ചയുണ്ടായത് 2012-13 വര്‍ഷത്തിലാണ്. അന്ന്, വേനല്‍ മഴ ലഭിക്കാത്തതും, തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശരാശരിയേക്കാള്‍ 24 ശതമാനം കുറയുകയും ചെയ്തു.
കേരളത്തില്‍ ജലലഭ്യതക്കുറവ് തീവ്രമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിലുണ്ടായിട്ടുള്ള മഴക്കുറവ്, മഴയുടെ പ്രദേശിക വ്യതിയാനം, പ്രകൃതിദത്ത സ്ഥിര ജലസ്രോതസ്സുകള്‍ ഇല്ലാത്ത ഗ്രാമങ്ങളില്‍ മഴയുടെ കുറവ് കണ്ടെത്താന്‍ സ്ഥാപിച്ച 78 മഴമാപിനികളില്‍ നിന്നുള്ള ശാസ്ത്രീയമായ അനുമാനങ്ങള്‍ തുടങ്ങിയവയെല്ലാം അടിസ്ഥാനമാക്കിയാണ് കേരളത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ദുരന്ത നിവാരണ അതോറിറ്റി ഒക്ടോബര്‍ 28നാണ് സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്. ഇതുപ്രകാരം 30ന് നിയമസഭില്‍ റവന്യൂമന്ത്രി ചട്ടം 300 പ്രകാരം പ്രസ്താവന നടത്തി. 31ന് ഇതിന്റെ ഉത്തരവും പുറപ്പെടുവിച്ചു. 2003ല്‍ ഏഴ് ജില്ലകളെയും ഏഴ് താലൂക്കുകളെയും, 119 ഗ്രാമങ്ങളെയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിരുന്നു.
2010ല്‍ 17 താലൂക്കുകളെയും, 2012ല്‍ എല്ലാ ജില്ലകളെയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിരുന്നു. നിലവിലെ വരള്‍ച്ച 2017 മെയ് വരെ നീണ്ടുനില്‍ക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."