ഇന്ത്യയിലെ നോട്ട് നിരോധനം ഗൂഢമായ ആസൂത്രിത നീക്കം: അഡ്വ: കെ എന്‍ എ ഖാദര്‍
ജിദ്ദ :കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയത് തികഞ്ഞ രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങളോടെയാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ നിയമ സഭ സാമാജികനുമായ അഡ്വക്കേറ്റ് കെ എന്‍ എ ഖാദര്‍ അഭിപ്രായപ്പെട്ടു. ജിദ്ദ മലപ്പുറം ജില്ലാ കെ എം സിസി സംഘടിപ്പിച്ച 'പണമില്ലാത്ത ഇന്ത്യയുടെ വര്‍ത്തമാനം' എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാരെ പിടികൂടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇത് വഴി നേട്ടമുണ്ടാക്കിയത് വന്‍കിടക്കാരും കുത്തകകളുമാണെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിനു ഗ്രാമീണരായ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയും വന്‍ കിടക്കാരെ സഹായിക്കുകയുമാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റു ജനദ്രോഹ നയങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭം വേണമെന്നും അദ്ദേഹം പറഞ്ഞു. കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ ഫാസിസ്റ്റു നയങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യ സഹസ്രാബ്ധങ്ങളായി മതേതര രാജ്യമാണെന്നും ഹിന്ദുക്കളിലെ ഭൂരിഭാഗം പേരും മതേതരത്വത്തെ കണ്ണിലെ കൃഷണമണി പോലെ കാത്തു സൂക്ഷിക്കുന്നവരാണെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു. അധികാരത്തിലേറാനും അധികാരം നിലനിറുത്തുവാനും മാത്രമാണ് ബിജെപി ഹിന്ദുത്വത്തെ കൂട്ട് പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് വി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എം എം കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. പി ടി മുഹമ്മദ് , അഹ്മദ് പാളയാട്ട്, അബുബക്കര്‍ അരിമ്പ്ര .ജനറല്‍ സെക്രട്ടറി മജീദ് കൊട്ടീരി, ജമാല്‍ ആനക്കയം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."