നജീബ് അഹമ്മദ് തിരോധാനം; കേസ് പരിഗണിക്കുന്നത് ജനുവരി 23 ലേക്കു മാറ്റി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ വിഷയം പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ജനുവരി 23 ലേക്ക് മാറ്റി. പ്രതികളായ ഒന്‍പതു പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇന്ന് കേസ് പരിഗണിക്കവേ കോടതി ആവശ്യപ്പെട്ടു.
ജെ.എന്‍.യു കാമ്പസില്‍ രണ്ടു ദിവസമെടുത്ത് പരിശോധന നടത്തിയെന്ന് പൊലിസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 560 ഉദ്യോഗസ്ഥരെ വച്ച് നജീബിന്റെ മാതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്.
ഒക്ടോബര്‍ 15നാണ് നജീബിനെ കാമ്പസ് ഹോസ്റ്റലില്‍ നിന്ന് കാണാതാവുന്നത്. മുന്‍പത്തെ ദിവസം ഇരുപതോളം എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദിച്ചിരുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധം ശക്തമാണെങ്കിലും നജീബിനെ കണ്ടെത്താന്‍ ഇതുവരെ പൊലിസിനു സാധിച്ചിട്ടില്ല.
നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും ഡല്‍ഹി പൊലിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം അരലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പൊലിസ് പിന്നീടത് അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."