ഇടുക്കിയില്‍ 5.5 കോടിയുടെ 'എക്കോ ലോഗ് ' ടൂറിസം പദ്ധതി പദ്ധതി സ്വദേശി ദര്‍ശന്‍ കേന്ദ്ര സ്‌കീമില്‍
തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ ടൂറിസം സ്‌കീമില്‍പെടുത്തി 'എക്കോ ലോഗ്' എന്ന പേരില്‍ ഇടുക്കിയില്‍ 5.5 കോടിയുടെ ടൂറിസം പദ്ധതി വരുന്നു. പദ്ധതി നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പിയും ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുലും സന്ദര്‍ശിച്ചു. സ്വദേശി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലാകെ 100 കോടി രൂപയുടെ ടൂറിസം പദ്ധതിക്കാണ് കേന്ദ്രാനുമതി ലഭിച്ചിട്ടുള്ളത്.
ഇടുക്കിയില്‍ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ താമസസൗകര്യം ഇല്ലാത്ത സാഹചര്യത്തിലാണ് 5.5 കോടി ചിലവില്‍ എക്കോ ലോഗ് പണിയുന്നത്. കെട്ടിടത്തിന്റെ അടിത്തറയും ടോയ്‌ലറ്റുകളും ഒഴികെ പൂര്‍ണമായും തടികൊണ്ടാണ് എക്കോ ലോഗ് നിര്‍മിക്കുന്നത്. ഇടുക്കി ആര്‍ച്ച്ഡാമിനോട് ചേര്‍ന്ന് ഇപ്പോള്‍ പ്രവര്‍ത്തനത്തിലുള്ള ഉദ്യാനത്തിന്റെ മുകള്‍ഭാഗത്തായാണ് 12 കോട്ടേജുകള്‍ ഉള്‍പ്പെടുന്ന എക്കോ ലോഗ് നിര്‍മ്മിക്കുന്നത്.
ഇടുക്കി ഉദ്യാന പദ്ധതിയുടെ സമീപത്തുകൂടി പുതിയ റോഡ് നിര്‍മ്മിച്ച് 12 കോട്ടേജുകളിലേക്ക് പ്രത്യേക പാസേജുകള്‍ നിര്‍മ്മിക്കും. അഞ്ച് ഏക്കര്‍ സ്ഥലത്താണ് എക്കോ ലോഗും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയെന്ന് അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കൈവശമുള്ള 165 ഏക്കര്‍ സ്ഥലത്തുനിന്നാണ് 5 ഏക്കര്‍ സ്ഥലം എക്കോ ലോഗിനായി വിട്ട് നല്‍കുന്നത്. ടെണ്ടര്‍ നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. 12 മാസമാണ് നിര്‍മ്മാണ കാലാവധി. 2017 ഡിസംബര്‍ 31 നുള്ളില്‍ 12 കോട്ടേജുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കും.
എം.പി യോടൊപ്പം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍, ഡി.റ്റി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.വി വര്‍ഗ്ഗീസ്, ത്രിതല പഞ്ചായത്തംഗങ്ങളായ ജോര്‍ജ്ജ് വട്ടപ്പാറ, കെ.എം.ജലാലുദ്ദീന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളായ ബി.പി.എസ് ഇബ്രാഹിംകുട്ടി, കെ.ടി മര്‍ക്കോസ്, കെ.ഐ.ഐ.ഡി.സി ജനറല്‍ മാനേജര്‍ ജോസഫ് സ്‌കറിയ, ഡി.റ്റി.പി.സി ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."