നോട്ട് നിരോധനം മോദിയുടെ സാമ്പത്തിക കൊള്ളയെന്ന് രാഹുല്‍
ഡെറാഡൂണ്‍: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി നടത്തിയത് കള്ളപ്പണത്തിനെതിരേയുള്ള നീക്കമല്ലെന്നും സാമ്പത്തിക കൊള്ളയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉത്തരാഖണ്ഡില്‍ ഒരു കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ നടപടി ശരിക്കും അഴിമതി വിരുദ്ധമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമായിരുന്നു. എന്നാല്‍, മോദി നടത്തിയത് വെറും സാമ്പത്തിക കൊള്ളയാണ്-രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നോട്ട് നിരോധനത്തെ ഗാലിബിന്റെ കവിത ഉദ്ധരിച്ചായിരുന്നു രാഹുല്‍ വിമര്‍ശിച്ചതെങ്കില്‍ ഇന്നലെ ഉര്‍ദു കവി ബശീര്‍ ബദ്രിനെയായിരുന്നു അദ്ദേഹം കടമെടുത്തത്. ''ജനങ്ങള്‍ ജീവന് കൊടുത്താണ് സ്വന്തം വീടുകള്‍ പണിതുണ്ടാക്കുന്നത്. താങ്കളാണെങ്കില്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ആ വീടുകള്‍ കത്തിച്ചാമ്പലാക്കുകയും ചെയ്യുന്നു'' എന്നു തുടങ്ങുന്നതാണ് ബശീറിന്റെ കവിതാശകലങ്ങള്‍.
ഈ സര്‍ക്കാര്‍ വ്യവസായികളുടെ കാര്യം മാത്രമാണു നോക്കുന്നതെന്നും പാവപ്പെട്ടവര്‍ക്കു യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മോദി നിങ്ങളുടെ പണം തട്ടിയെടുത്ത് മദ്യരാജാവും സാമ്പത്തിക തട്ടിപ്പുകാരനുമായ വിലയ് മല്യക്കു നല്‍കിയിരിക്കുകയാണ്. അതുകൊണ്ടാണ് നോട്ട് നിരോധനം പാവങ്ങളെ കൊള്ളയടിക്കലാണെന്നു പറയുന്നത്. കള്ളപ്പണത്തിന്റെ 94 ശതമാനവും കിടക്കുന്നത് സ്വിസ് ബാങ്കിലും ഭൂമിയിലും സ്വര്ണങ്ങളിലുമാണ്. വെറും ആറുശതമാനമാണ് പണമായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."