അതിഥി വധക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛന്‍ പിടിയില്‍
കോഴിക്കോട്: ഏഴ് വയസ്സുകാരി അതിഥി എസ്. നമ്പൂതിരിയെ പട്ടിണിക്കിട്ടു പീഡിപ്പിച്ചുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛനെ പൊലിസ് പിടികൂടി. ഇന്നലെ കോഴിക്കോട്ടെ വിചാരണ കോടതി ജാമ്യത്തില്‍ മുങ്ങിയ അച്ഛനും രണ്ടാനമ്മക്കുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇന്നലെ മലപ്പുറത്തു വച്ചു നാടകീയമായി പ്രതി പിടിയിലാകുകയായിരുന്നു. രണ്ടാനമ്മയെ ഇതുവരെ പിടികൂടാനായിട്ടില്ല.
കേസിലെ പ്രതികളായ കുട്ടിയുടെ അച്ഛന്‍ ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മിനിവാസില്‍ താമസിക്കുന്ന തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഭാര്യ റംല ബീഗം എന്ന ദേവിക എന്നിവര്‍ക്കെതിരേ കോഴിക്കോട് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ ശങ്കരന്‍ നായരാണ് വാറന്റ് പുറപ്പെടുവിച്ചത്.
കേസില്‍ ഇന്നലെ തുടങ്ങിയ സാക്ഷിവിസ്താരത്തിനിടെയാണു പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായി കോടതിക്കു ബോധ്യപ്പെട്ടത്. പ്രതികള്‍ വിചാരണയ്ക്കു ഹാജരാവാതിരുന്നതോടെ വിസ്താരം ജൂണ്‍ 13ലേക്കു മാറ്റിവച്ച ജഡ്ജ് ഇരുവര്‍ക്കുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. അതിനിടെ പ്രതികള്‍ ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടതായി വിവരം ലഭിച്ച ബന്ധുക്കള്‍ പ്രസ്തുതവിവരം പൊലിസിനെ അറിയിച്ചു.
തുടര്‍ന്നു പൊലിസ് നടത്തിയ അന്വേഷണത്തില്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി മലപ്പുറത്തെ കുറ്റിപ്പുറത്തുണ്ടെന്നു മനസ്സിലാവുകയും കുറ്റിപ്പുറം പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദേവികയ്‌ക്കെതിരേ പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അതിഥിയെന്ന ബാലികയുടെ ദാരുണ മരണം. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രണ്ടാനമ്മ റംല ബീഗത്തിന്റെയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29നാണു ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്‌കൂള്‍ ഒന്നാം ക്‌ളാസ് വിദ്യാര്‍ഥിനിയായിരുന്ന അതിഥി മരണത്തിനു കീഴടങ്ങിയത്.
പട്ടിണിക്കിട്ട് അവശയായ അതിഥിയെ അരയ്ക്കുതാഴെ സാരമായി പൊള്ളലേറ്റ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പുതന്നെ കുട്ടി മരണപ്പെട്ടതിനാല്‍ പ്രതികള്‍ മൃതദേഹം കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇടപെട്ട് മെഡിക്കല്‍ കോളജിലെത്തിച്ചു. തുടര്‍ന്നാണു കൊടുംപീഡനകഥ പുറത്തായത്.
സുബ്രഹ്മണ്യന്റെ ആദ്യ ഭാര്യ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജയുടെ മകളായിരുന്നു അതിഥി. ശ്രീജ തിരുവമ്പാടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നു സുബ്രഹ്മണ്യന്‍ റംല ബീഗത്തെ വിവാഹം ചെയ്യുകയായിരുന്നു. അരുണും അതിഥിയും പിതാവിനും രണ്ടാനമ്മ റംല ബീഗം എന്ന ദേവികക്കുമൊപ്പമാണു താമസിച്ചിരുന്നത്.
മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ കഴുത്തുഞെരിച്ചതായും നഖംകൊണ്ടു മുറിവേല്‍പ്പിച്ചതായും ചൂടുവെള്ളത്തില്‍ കൈകാലുകള്‍ താഴ്ത്തിയതായും ജനനേന്ദ്രിയം ഉള്‍പ്പെടെ അരയ്ക്കുതാഴെ പൊള്ളലേല്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു. ആഴ്ചകളോളം ഭക്ഷണം ലഭിക്കാതിരുന്നതിനാല്‍ നന്നേ ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലായിരുന്നു അതിഥി.
കേസില്‍ അതിഥിയുടെ വിദ്യാര്‍ഥിയായ സഹോദരന്‍ അരുണായിരുന്നു ഒന്നാം സാക്ഷി. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജാണ് കേസില്‍ ഹാജരാവുന്നത്. മൊത്തം 45 സാക്ഷികളാണ് കേസിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."