പുതിയ ഡല്‍ഹി ഗവര്‍ണര്‍: ബൈജലും കണ്ണന്താനവും പരിഗണനയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നു പകരക്കാരനായുള്ള ചര്‍ച്ച സജീവം. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ അനില്‍ ബൈജലിന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പേരുകളാണു പരിഗണനയിലുള്ളത്.
കഴിഞ്ഞ ദിവസം സൈനിക തലവന്മാരുടെ യാത്രയയപ്പു ചടങ്ങിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും വിഷയം ചര്‍ച്ച ചെയ്തതായാണു വിവരം. വാജ്‌പൈക്കു കീഴിലുള്ള മുന്‍ ബി.ജെ.പി സര്‍ക്കാരില്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന അനില്‍ ബൈജലിന്റെ പേരാണു മുന്‍ഗണനയിലുള്ളത്. നേരത്തെ ജമ്മു കശ്മിര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിച്ചിരുന്നു. 2006ല്‍ നഗരവികസന സെക്രട്ടറിയായി കേന്ദ്ര സര്‍വിസില്‍നിന്നു വിരമിച്ച ബൈജല്‍ ഇപ്പോള്‍ വിവേകാനന്ദ അന്താരാഷ്ട്ര ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമാണ്.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ നേരത്തെ ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്ററാക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും അകാലിദള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
നജീബ് ജങ് ഇന്നലെ രാവിലെ 11.30ഓടെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഒരു മണിക്കൂര്‍ നേരം അദ്ദേഹം ചെലവഴിച്ചു. നേരത്തെ തന്നെ മോദിയോട് രാജി സന്നദ്ധത അറിയിച്ചിരുന്നെന്നും അദ്ദേഹം പദവിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നെന്നു പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു പുറത്തുവന്ന ശേഷം നജീബ് ജങ് പറഞ്ഞു.
ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാജി അത്ഭുതപ്പെടുത്തിയെന്നും വ്യക്തിപരമായ കാരണത്താലാണു രാജിയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും കെജ്രിവാള്‍ പ്രതികരിച്ചു.യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹി ഗവര്‍ണറായി നിയമിതനായ നജീബ് ജങ് ഡല്‍ഹി മുഖ്യമന്ത്രിയുമായി നിരവധി തവണ കൊമ്പുകോര്‍ത്തിരുന്നു. കാലാവധി തീരാന്‍ 18 മാസം കൂടി ബാക്കിയിരിക്കെയാണ് അപ്രതീക്ഷിതമായ രാജി. അക്കാദമിക ജീവിതം തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണു രാജിയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."