ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പ്: അമൃതയിലൂടെ കേരളത്തിന്റെ സുവര്‍ണ നേട്ടം അഞ്ചായി
തിരുവനന്തപുരം: മെഡല്‍ ബാസ്ക്കറ്റില് ഒരോ സ്വര്‍ണവും വെള്ളിയും കൂടി കൂട്ടിച്ചേര്‍ത്ത കേരളം വെലോഡ്രോമില്‍ കുതിപ്പ് തുടരുന്നു. 42 പോയിന്റുമായാണ് കേരളം ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്.
അഞ്ചു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ടു വെങ്കലവുമാണ് കേരളത്തിന്റെ ആകെ സമ്പാദ്യം. 18 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ വ്യക്തിഗത പെര്‍സ്യൂട്ടില്‍ ആണ് ഇന്നലെ കേരളത്തിനു സ്വര്‍ണം ലഭിച്ചത്. ജി അമൃത രഘുനാഥാണ് കേരളത്തിനായി സ്വര്‍ണത്തിലേക്ക് സൈക്കിളോടിച്ചത്.
പുതിയ മീറ്റ് റെക്കോര്‍ഡോടെയാണ് അമൃതയുടെ സ്വര്‍ണ വേട്ട. 2013ല്‍ മണിപ്പൂരിന്റെ ടി ബിന്ധ്യാലക്ഷ്മി സ്ഥാപിച്ച 2.52.074 സെക്കന്റ് സമയം പഴങ്കഥയായി. 2.46.935 സെക്കന്റിലാണ് അമൃത റെക്കോര്‍ഡ് മറികടന്നത്. 14 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ വ്യക്തിഗത പെര്‍സ്യൂട്ടില്‍ കേരളത്തിനായി എം അനഘ വെള്ളി നേടി. മീറ്റ് റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയായിരുന്നു അനഘയുടെ വെള്ളി മെഡല്‍ നേട്ടം. മഹാരാഷ്ട്രയുടെ പ്രിയങ്ക ജാദവ് 3.01.901 സെക്കന്റില്‍ പുതിയ സമയം കുറിച്ച് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ കര്‍ണാടകയുടെ ധനമ്മ 2015 ല്‍ സ്ഥാപിച്ച 3.11.360 സെക്കന്റ് സമയം പഴങ്കഥയായി.
ഇന്നലെ ആറു പുതിയ റെക്കോര്‍ഡുകളാണ് കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ക്യാംപസിലെ വെലോഡ്രോമില്‍ പിറന്നത്. രാജസ്ഥാനും മഹാരാഷ്ട്രയും സര്‍വിസസും ഇന്നലെ ഓരോ സ്വര്‍ണം നേടി.
30 പോയിന്റുമായി മണിപ്പൂര്‍ രണ്ടാം സ്ഥാനത്തു തുടരുകയാണ്. മണിപ്പൂരിന് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ലഭിച്ചത്. ഇന്നലെ മാത്രം മൂന്നു സ്വര്‍ണവും ഒരു വെങ്കലവും നേടിയ കര്‍ണാടക 20 പോയിന്റ് നേടി മൂന്നാം സ്ഥാനത്തേക്ക് കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."