തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ജില്ലയില്‍ കോണ്‍ഗ്രസിലും ബി.ജെ.പിയിലും തമ്മിലടി രൂക്ഷമായി
പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ജില്ലയിലെ കോണ്‍ഗ്രസ് ബി.ജെ.പി എന്നീ പാര്‍ട്ടികളില്‍ തമ്മിലടി രൂക്ഷമായി. ബി.ജെ.പി യില്‍ പാലക്കാട് മണ്ഡലത്തിലെ പരാജയമാണ് പരസ്യമായ വിഴുപ്പലക്കലിന് തുടക്കമിട്ടത്. പാലക്കാട് ജില്ലയിലെ കനത്ത തോല്‍വിയാണ് കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനു പുറമെ മണ്ണാര്‍ക്കാട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് വോട്ടു കുറഞ്ഞത് എന്‍.ഡി.എ മുന്നണിയിലും പാലക്കാട് മണ്ഡലത്തില്‍ എന്‍.എന്‍ കൃഷ്ണദാസ് മൂന്നാം സ്ഥാനത്തായത് സി.പി.എമ്മിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ശോഭാ സുരേന്ദ്രന്‍ തന്റെ തോല്‍വിയെക്കുറിച്ച് ദേശീയ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനും സംസ്ഥാന സെക്രട്ടറിയുമായ സി കൃഷ്ണകുമാറിനെയാണ് കുറ്റപ്പെടുത്തുന്നത്. ജയിക്കാന്‍ എല്ലാവിധ സാഹചര്യമുണ്ടായിട്ടു പോലും കൃഷ്ണകുമാര്‍ പാലം വലിക്കുകയായിരുന്നുവെന്നാണ് ശോഭയുടെ പരാതി.
പാലക്കാട് സി കൃഷ്ണകുമാറിനെ നിര്‍ത്തണമെന്നായിരുന്നു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ താല്‍പര്യം. എന്നാല്‍ തീപ്പൊരി പ്രാസംഗികയായ ശോഭാ സുരേന്ദ്രന് മത്സരിപ്പിക്കണമെന്ന് ആര്‍.എസ്.എസ് നേതൃത്വം ശാഠ്യം പിടിക്കുകയും പ്രാദേശിക എതിര്‍പ്പ് വകവെയ്ക്കാതെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ഇത് തുടക്കത്തിലെ ഇരു ചേരികളായി പ്രവര്‍ത്തിക്കാന്‍ കാരണമായി. പാലക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ വരുന്നതിനു മുന്‍പേ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ടീം ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഈ ഭിന്നത തെരഞ്ഞെടുപ്പ് കഴിയും വരെ ഉണ്ടായിരുന്നു. പാലക്കാട്ടെ നൂറു കണക്കിന് ബി.ജെ.പി പ്രവര്‍ത്തകരെ മലമ്പുഴ മണ്ഡലത്തിലേക്ക് പ്രവര്‍ത്തിക്കാനായി കൃഷ്ണകുമാര്‍ കൊണ്ടു പോവുകയും മനപൂര്‍വ്വം തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ശോഭാ സുരേന്ദ്രന്‍ പറയുമ്പോള്‍ കൃഷ്ണകുമാര്‍ ഇത് നിഷേധിക്കുന്നു. കൃഷ്ണകുമാറിന് മറുപടി നല്‍കാനായി ശോഭാ സുരേന്ദ്രന്‍ പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പാലക്കാട്ടേക്ക് ഇവര്‍ പ്രവര്‍ത്തന കേന്ദ്രം മാറ്റുന്നത് ബി.ജെ.പിയില്‍ ശക്തമായ ഗ്രൂപ്പിസം ഉണ്ടാക്കിയേക്കും. ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിലും തോല്‍വി പ്രശ്‌നമായിരിക്കുകയാണ്. ഒറ്റപ്പാലത്തും നെന്മാറയിലും തങ്ങളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിച്ചതായി ഇവിടത്തെ സ്ഥാനാര്‍ത്ഥികള്‍ കെ.പി.സി.സിക്ക് പരാതി നല്‍കിക്കഴിഞ്ഞു. ഒറ്റപ്പാലത്ത് പുറത്താക്കല്‍ നടപടിയും തുടങ്ങിയിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ വോട്ടു കുറഞ്ഞത് സി.പി.എമ്മില്‍ ചര്‍ച്ചയായിരിക്കുകയാണ്. കൃഷ്ണദാസിനെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയില്‍ ചിലര്‍ കളി നടത്തിയെന്നാണ് പരാതി. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞത് ഇതിനു തെളിവായി നേതൃത്വം കാണുന്നു. മണ്ണാര്‍ക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 5000 വോട്ടു കുറഞ്ഞത് മുന്നണിയിലെ പ്രബല കക്ഷിയായ ബി.ഡി. ജെ.എസ് പരാതി ഉന്നയിച്ചു. കാന്തപുരം വിഭാഗവുമായി സഹകരിച്ച് ഇവിടെ വ്യാപകമായ തോതില്‍ വോട്ട് വില്‍പ്പന നടത്തിയെന്നാണ് ഇവരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."